പി വി അന്‍വറിനെ ടി പി കേസിലെ പ്രതികള്‍ അപായപ്പെടുത്തമോയെന്ന ആശങ്കയില്‍ ഡിഎംകെ
മലപ്പുറം: വനംവകുപ്പ് ഓഫീസ് തകര്‍ത്തെന്ന കേസിലില്‍ ജയിലില്‍ അടച്ച പി വി അന്‍വര്‍ എംഎല്‍എയെ ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ അപായപ്പെടുത്തുമോയെന്ന ആശങ്കയുമായി ഡിഎംകെ. ടി പി കേസിലെ പ്രതികള്‍ തവനൂര്‍ ജയിലിലുണ്ടെന്നും ഇതാണ് ആശങ്കയ്ക്ക് കാരണമെന്നും ഡിഎംകെ കോര്‍ഡിനേറ്റര്‍ ഹംസ പറക്കാട്ട് പറഞ്ഞു. ഈ ആശങ്ക കോടതിയെ അറിയിക്കും. അതേസമയം, ഗുരുതരമായ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്‍വര്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.
അന്‍വറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനെതിരേ താമരശേരി രൂപത രംഗത്തെത്തി. അറസ്റ്റ് കര്‍ഷക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
ഒരു സഹോദരന്റെ മരണത്തില്‍ പ്രതിഷേധിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസില്ല. ആന ആളെ കൊന്നതിനും കേസില്ല. പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നു. ഇത് അന്യായമാണെന്ന് ബിഷപ്പ് പറഞ്ഞു. കര്‍ഷക സംഘടനകളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.