സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട; തൊഴിലാളികൾക്കെതിരേ ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെയാണ് പ്രതിപക്ഷ യൂനിയനായ ടിഡിഎഫ് സമരം പ്രഖ്യാപിച്ചത്.

Update: 2022-09-16 10:21 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സമര പ്രഖ്യാപനത്തിനെതിരേ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട. ടിഡിഎഫ് പ്രഖ്യാപിച്ച സമരം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെയാണ് പ്രതിപക്ഷ യൂനിയനായ ടിഡിഎഫ് സമരം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ സമരം നടത്താനാണ് ആഹ്വാനം. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടി യൂനിയനുകള്‍ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്‌നമില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഓണത്തിന് മുമ്പ് മുഖ്യമന്ത്രി തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. അതേ സമയം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ ട്രേഡ് യൂനിയനുകളുടെ നിലപാട്.

Similar News