ത്രിപുരയില്‍ ബിജെപി-സിപിഎം കൂട്ടുകെട്ടിലൂടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരണസമിതി രൂപീകരിച്ചത്. പക്ഷെ മൂന്ന് മാസത്തിനകം സഖ്യം തകരുകയായിരുന്നു.

Update: 2022-09-13 13:40 GMT

അ​ഗർത്തല: ത്രിപുരയില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടിലൂടെ ബി ജെ പിക്കാരന്‍ പഞ്ചായത്ത് പ്രസിഡന്റായി. ഉനാകോട്ടി ജില്ലയിലെ കൈലാഷഗറിലെ ശ്രീനാഥ്പൂര്‍ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും നടന്ന തിരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും ഒരുമിച്ചത്.

ബിജെപി അംഗം ഇനുച് അലിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും ഇനുച് അലിക്ക് വോട്ട് ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഈ സീറ്റിലേക്ക് സിപിഎം അംഗത്തെ ബിജെപി പിന്തുണക്കുമെന്നാണ് അറിയുന്നത് 13 അംഗ പഞ്ചായത്ത് സമിതിയില്‍ ബിജെപിക്ക് ആറ് അംഗങ്ങളാണുള്ളത്. സിപിഎമ്മിന് അഞ്ച് അംഗങ്ങളും. ബാക്കിയുള്ള രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനാണ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരണസമിതി രൂപീകരിച്ചത്. പക്ഷെ മൂന്ന് മാസത്തിനകം സഖ്യം തകരുകയായിരുന്നു. തുടര്‍ന്ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരികയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തു.

Similar News