സുഡാനില്‍ പ്രകടനങ്ങള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു;10 മരണം, നിരവധി പേര്‍ക്ക് പരിക്ക്

റബര്‍ പെല്ലറ്റുകള്‍ക്ക് പകരം ലോഹ ഉണ്ടകള്‍ തന്നെയാണ് ജനങ്ങള്‍ക്കു നേരെ പ്രയോഗിച്ചിരിക്കുന്നത്

Update: 2021-11-17 18:02 GMT

ഖാര്‍ത്തൂം: സുഡാനില്‍ സൈനിക അട്ടിമറിക്കെതിരെ തലസ്ഥാനമായ ഖാര്‍ത്തൂം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു. 10 മരണം സ്ഥിരീകരിച്ചു. നിരവധി പ്രക്ഷോഭകര്‍ക്ക് വെടിയേറ്റു. ബുധനാഴ്ച രാവിലെയാണ് ജനകീയ റാലിയെ സൈന്യം മൃഗീയമായി നേരിട്ടത്. ഒക്ടോബര്‍ 25 ന് അട്ടിമറിയിലൂടെയാണ് സൈന്യം സുഡാന്റെ ഭരണം കയ്യടക്കിയത്. അതിനുശേഷം നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. ഒക്ടോബറില്‍ നടന്ന വെടിവെപ്പില്‍ നിരവധി ജനാധിപത്യ വാദികള്‍ കൊല്ലപ്പെട്ടിരുന്നു. സുഡാനിലെ രാഷ്ട്രീയ നേതാക്കള്‍ തടവിലാക്കപ്പെടുകയും ചെയ്തു. അബ്ദുല്‍ ഫതഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലാണ് സൈന്യം അട്ടിമറി നടത്തിയത്. ഖാര്‍ത്തൂമിന് പുറമെ ബഹരി, ഒംദുര്‍മാന്‍ എന്നീ നഗരങ്ങളിലും സൈന്യം പ്രകടനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. റബര്‍ പെല്ലറ്റുകള്‍ക്ക് പകരം ലോഹ ഉണ്ടകള്‍ തന്നെയാണ് ജനങ്ങള്‍ക്കു നേരെ പ്രയോഗിച്ചിരിക്കുന്നത്. വെടിയേറ്റവരുടെ ദേഹത്ത് ലോഹ ഉണ്ടാകളാണ് ഉണ്ടായിരുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഓഫ് സുഡാന്‍ ഡോക്ടേഴ്‌സ് എന്ന ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. നൂറുക്കണക്കിന് ആളുകള്‍ വെടിയേറ്റും കണ്ണീര്‍ വാതക ഷെല്ല് പൊട്ടി തെറിച്ചും പരിക്കേറ്റ നിലയില്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. സംഘടനയുടെ വക്താക്കള്‍ വെളിപ്പെടുത്തി. സമാധാനം സ്ഥാപിക്കാന്‍ തയ്യാറാകണമെന്നും ജനാധിപത്യ സര്‍ക്കാറിനെ കൊണ്ടുവരാന്‍ തയ്യാറാകണമെന്നും ഐക്യരാഷ്ട്ര സഭയും യൂറോപ്പ്യന്‍ യൂനിയനും സുഡാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News