നുണകള്‍ ആവര്‍ത്തിച്ച് കലാപത്തിന് കോപ്പുകൂട്ടുന്നു; കെ സുരേന്ദ്രനെ ജയിലില്‍ അടയ്ക്കണം: പോപുലര്‍ ഫ്രണ്ട്

Update: 2021-12-23 07:44 GMT

കോഴിക്കോട്: നിരന്തരം നുണകള്‍ പ്രചരിപ്പിച്ച് ഹിന്ദു- മുസ്‌ലിം ധ്രുവീകരണമുണ്ടാക്കി കലാപത്തിന് സാഹചര്യമൊരുക്കുന്ന പണിയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ചെയ്യുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ബിജെപിക്ക് രാഷ്ട്രീയ മേല്‍ക്കോയ്മ കിട്ടാന്‍ വര്‍ഗീയതയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ നിരന്തരമായി വിദ്വേഷപ്രചാരണം നടത്തുന്നത്. വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്ന ഉത്തരേന്ത്യന്‍ ഹിന്ദുത്വ മാതൃക കേരളത്തിലും നടപ്പാക്കുകയാണ്. അതിന്റെ ഭാഗമാണ് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന കൊലവിളികള്‍ കണ്ടാലറിയാം ഏതുതരം വിദ്യാഭ്യാസമാണ് ആര്‍എസ്എസ് തങ്ങളുടെ അണികള്‍ക്ക് നല്‍കുന്നതെന്ന്- പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സമാധാനപരമായ ഒരു അന്തരീക്ഷത്തില്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ തന്നെ കൊലപ്പെടുത്തുന്നത് വലിയ ഗൂഢാലോചനകള്‍ക്ക് ശേഷമാണെന്ന് വ്യക്തമാണ്. കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ നാടുനീളെ നടന്ന് വീണ്ടും ആളുകളെ അക്രമത്തിനും കലാപത്തിനും പ്രേരിപ്പിക്കുകയാണ്. ഇതിനായി പ്രത്യേക കാംപയിന്‍തന്നെ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്.

ഹൈന്ദവ സമൂഹത്തിനിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാനാണ് കാംപയിനിലൂടെ ലക്ഷ്യമിടുന്നത്. നിരന്തരമുള്ള നുണപ്രചാരണങ്ങള്‍ ഫലിക്കാതെ വന്നതോടെ വിശ്വാസത്തെ മറയാക്കി കലാപത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍. കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞതില്‍നിന്നും ഇക്കാര്യം വ്യക്തമാണ്. അമ്പലങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന സുരേന്ദ്രന്റെ പരാമര്‍ശം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ്. അമ്പലം കൈയേറി കൊടി കെട്ടിയെന്ന സംഭവം കേരളത്തിലെവിടേയും റിപോര്‍ട്ട് ചെയ്തിട്ടില്ല. വിശ്വാസത്തെ മറയാക്കി നുണകള്‍ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കുന്ന ഉത്തരേന്ത്യന്‍ മാതൃകയാണ് കേരളത്തില്‍ ആര്‍എസ്എസ് പയറ്റുന്നത്.

ഷാന്റെ കൊലപാതകം തെളിയിക്കാന്‍ കഴിയില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവന പോലിസ് ഗൗരവത്തിലെടുക്കണം. കൊല നടത്തിയതിലും യഥാര്‍ഥ കൊലയാളികളെ സംരക്ഷിക്കുന്നതിലുമുള്ള സുരേന്ദ്രന്റെ പങ്കാണ് ഇത് സൂചിപ്പിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എല്ലാ ഗൂഢാലോചനയും അയാളിലേക്ക് കൊണ്ടെത്തിക്കുകയും തിരക്കഥ പോലെ ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്നും വാഹനം കണ്ടെടുക്കുകയും ചെയ്യുന്നതൊക്കെ സുരേന്ദ്രന്‍ കൂടി അറിഞ്ഞുള്ള നാടകമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആര്‍എസ്എസ് കാര്യാലയത്തില്‍നിന്നാണ് പ്രതികളെ പിടിച്ചതെന്ന് പറയുന്ന പോലിസ്, എന്തുകൊണ്ടാണ് കാര്യാലയം റെയ്ഡ് ചെയ്യാനോ അവിടെ താമസമാക്കിയ പ്രചാരകിനെ കസ്റ്റഡിയിലെടുക്കാനോ മുതിരാതിരുന്നത്. പോലിസുമായുള്ള ഒത്തുകളിയുടെ ഭാഗമാണോ സുരേന്ദ്രന്റെ പ്രസ്താവന എന്ന സംശയവും ബലപ്പെടുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആംബുലന്‍സില്‍ ആയുധം എത്തിച്ചതും കൊലപാതകികളെ രക്ഷപെടുത്തിയതും ആര്‍എസ്എസ്സാണെന്ന് പോലിസ് കണ്ടെത്തിയിരിക്കുന്നു. സേവാഭാരതിയുടെ മറവില്‍ വലിയ തോതിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം പറവൂരില്‍ തോക്കുമായി ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമണം നടത്താനെത്തിയതും സേവാഭാരതിയുടെ ആംബുലന്‍സിലാണ്. സേവാഭാരതി ആംബുലന്‍സുകള്‍ ആര്‍എസ്എസ്സിന്റെ ഭീകരപ്രവര്‍ത്തനത്തിന്റെ മറയാണ്. ആയുധങ്ങള്‍ നീക്കാനും കൊല നടത്താനുമാണ് ഇത് ഉപയോഗിക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തനം സംബന്ധിച്ചും ആംബുലന്‍സുകളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

ആര്‍എസ്എസ് മുസ്‌ലിംകള്‍ക്കെതിരേ കലാപം നടത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ പോപുലര്‍ ഫ്രണ്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. നിരവധി തവണ ആര്‍എസ്എസ്സിന്റെ കലാപാഹ്വാന ശ്രമത്തെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പോലിസ് മുഖവിലയ്‌ക്കെടുത്തില്ല. അതിന്റെ തുടര്‍ച്ചയാണ് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്റെ കൊലപാതകത്തിലെത്തിച്ചത്. കൊലപാതകത്തിന് ശേഷം ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പരിശോധിക്കാനോ ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ഗൂഢാലോചന പുറത്തു കൊണ്ടുവരാനോ പോലിസ് ശ്രമിക്കുന്നതിന് പകരം പ്രാദേശികമായി ആര്‍എസ്എസ്സുമായി നീക്കുപോക്ക് നടത്തുന്ന നിലയിലേക്കാണ് പോലിസ് നീങ്ങുന്നത്. ഇത് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് കാരണമാവുകയെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ഷാനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ പ്രദേശത്ത് ക്യാംപ് ചെയ്തിട്ടുണ്ടെന്ന വിവരം തെളിവ് സഹിതം പുറത്തുവന്നിരിക്കുന്നു. ആര്‍എസ്എസ്സിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വല്‍സന്‍ തില്ലേങ്കരി ഉള്‍പ്പടെയുള്ളവര്‍ എസ് ഡിപിഐ നേതാക്കളെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഷാന്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വല്‍സന്‍ തില്ലേങ്കരി ആലപ്പുഴയില്‍ കൊലവിളി പ്രസംഗം നടത്തുകയും പ്രതികളുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ കലാപാഹ്വാനങ്ങളുടെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിനിടെ പത്തിലധികം പരാതികളാണ് പോപുലര്‍ ഫ്രണ്ട് വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നല്‍കിയത്. അത് അന്വേഷിക്കാനോ കുറ്റക്കാരെ കണ്ടെത്താനോ നടപടിയെടുക്കാനോ ആഭ്യന്തര വകുപ്പ് യാതൊരു നീക്കവും നടത്തിയില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

എസ്ഡിപിഐ നേതാക്കളെ യഥേഷ്ടം വേട്ടയാടാനും പിന്തുടര്‍ന്ന് കൊലപ്പെടുത്താനും പോലിസ് കൂടി സമ്മതം നല്‍കുന്നുവെന്ന് കരുതുന്ന തരത്തിലുള്ള മൗനമാണ് പരാതികളില്‍ പോലിസ് സ്വീകരിച്ചത്. ഇത് ഗൗരവതരമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണ്. പോലിസിന്റെ ഈ നിഷ്‌ക്രിയത്വമാണ് വിദ്വേഷപ്രചാരണം ആവര്‍ത്തിക്കാന്‍ സുരേന്ദ്രനുള്ള പ്രേരണ. സര്‍ക്കാര്‍ ഇത് ഗൗരവമായി എടുക്കണമെന്നും സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള വര്‍ഗീയ വാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാര്‍, സി എ റഊഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News