തുണീസ്യ: സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഒരുങ്ങി അന്നഹ്ദ

അഴിമതിയുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രധാനമന്ത്രി വിവാദത്തില്‍ അകപ്പെട്ടിരുന്നു.

Update: 2020-07-15 13:19 GMT

തുണീസ്: തുണീസ്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ അന്നഹ്ദ പ്രധാനമന്ത്രി ഇല്യാസ് ഫഹ്ഫാഖ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിക്കുള്ള പിന്‍വലിക്കാനും തീരുമാനം നടപ്പാക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതാവിന് നിര്‍ദേശം നല്‍കാനും തീരുമാനിച്ചതായി പാര്‍ട്ടി നേതാവ് ഇമെഡ് ഖ്മിരി അറിയിച്ചു. 217 അംഗ പാര്‍ലമെന്റില്‍ 54 പേരാണ് അന്നഹ്ദയ്ക്കുള്ളത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ 109 സാമാജികരുടെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. അടുത്തിടെ മുസ്‌ലിം ഡെമോക്രാറ്റിക് പാര്‍ട്ടി ഫഖ്ഫഖിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി മുന്നോട്ട് വന്നിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രധാനമന്ത്രി വിവാദത്തില്‍ അകപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ രാജ്യത്ത് നിന്ന് 44 ലക്ഷം ദിനാര്‍ (1.5 കോടി ഡോളര്‍) നേടിയതായി കഴിഞ്ഞ മാസം പാര്‍ലമെന്റിലെ ഒരു സ്വതന്ത്ര അംഗം രേഖകള്‍ സഹിതം പുറത്തുവിട്ടിരുന്നു.

സംഭവത്തില്‍ സിറ്റിങ് ജഡ്ജി അന്വേഷണം നടത്തി വരികയാണ്. അഴിമതി വിരുദ്ധ മന്ത്രി വിഷയം പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഒരു പൊതു നിരീക്ഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.അതേസമയം, അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച ഫഹ്ഫാഖ് കമ്പനികളിലെ തന്റെ ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ താന്‍കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് ശേഷമുള്ള നാല് മാസത്തെ പ്രതിസന്ധിയെത്തുടര്‍ന്ന് പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതിന് ശേഷം ഫെബ്രുവരിയിലാണ് ഫഹ്ഫാഖ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.





Tags:    

Similar News