കൊവിഡിനിടയിലും ഉഭയകക്ഷി വ്യാപാരം വിപുലമാക്കാന്‍ കൈകോര്‍ത്ത് തുര്‍ക്കിയും ഖത്തറും
ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യുഎഫ്‌സി) ഇന്നലെ സംഘടിപ്പിച്ച വെബിനാറിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ദോഹ: കൊവിഡ് മഹാമാരിക്കിടയിലും ഉഭയകക്ഷി വ്യാപാരം വിപുലമാക്കാന്‍ ഒരുങ്ങി ഖത്തറും തുര്‍ക്കിയും. 2017ല്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ ഖത്തറിനെ സഹായിച്ചത് തുര്‍ക്കിയായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷവും ഉപരോധം തുടരുമ്പോള്‍ ആങ്കറയുമായുള്ള ദോഹയുടെ ബന്ധം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യുഎഫ്‌സി) ഇന്നലെ സംഘടിപ്പിച്ച വെബിനാറിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ക്യുഎഫ്‌സിയുടെ ഫ്‌ലാഗ് ഷിപ്പ് പദ്ധതിയായി 'ആക്‌സസ് ക്വാര്‍' പരമ്പരയുടെ ഭാഗമായി ഇസ്താംബുള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ദോഹയിലെ തുര്‍ക്കി എംബസിയും സഹകരിച്ചാണ് 'എമര്‍ജിങ് ഓപര്‍ച്യുണിറ്റീസ്: ഖത്തര്‍ ആന്റ് തുര്‍ക്കി' എന്ന വെബിനാര്‍ സംഘടിപ്പിച്ചത്.
ഖത്തറിന്റെ വ്യവസായ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെയും തുര്‍ക്കി കമ്പനികള്‍ക്കായി രാജ്യത്ത് വര്‍ധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളേയും ഉയര്‍ത്തിക്കാട്ടിയുള്ളതായിരുന്നു വെബിനാറെന്ന് പെനിന്‍സുല ഖത്തര്‍ റിപ്പോര്‍ട്ട് ചെയ്തു. 2010ല്‍ 340 മില്യണ്‍ ഡോളറില്‍ നിന്ന് 2019 ല്‍ 2.24 ബില്യണ്‍ ഡോളറായി ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കുത്തനെ ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും പ്രത്യേകിച്ച് കൊവിഡ് 19ന്റെ പ്രതികൂല ഫലങ്ങളെ മറികടക്കുന്നതിലും ഇരു രാജ്യങ്ങളും പുതുതായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഖത്തറിലെ തുര്‍ക്കിയുടെ അംബാസഡര്‍ മുസ്തഫ ഗോക്‌സു പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിന്റെ മികച്ച മാതൃകകളായി രാജ്യങ്ങളെ എങ്ങിനെ മാറ്റിയെടുക്കാമെന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ് ഖത്തറും തുര്‍ക്കിയും.
തങ്ങളുടെ ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് 2010ല്‍ 340 മില്യണ്‍ ഡോളറില്‍ നിന്ന് 2019ല്‍ 2.24 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തങ്ങള്‍ 53 തന്ത്രപരമായ കരാറുകളില്‍ ഒപ്പുവച്ചു. ഇന്ന് 535 തുര്‍ക്കി-ഖത്തറി സംയുക്ത കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതായും മുസ്തഫ ഗോക്‌സു പറഞ്ഞു.