വിമാനത്താവള സുരക്ഷയ്ക്ക് കൂടുതല്‍ സൈനികരെ അഫ്ഗാനിലേക്ക് അയക്കില്ലെന്ന് തുര്‍ക്കി

വിവിധ കാരണങ്ങളാല്‍ നാറ്റോയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ ഈ ദൗത്യത്തിലൂടെ ആങ്കറയും സഖ്യകക്ഷികളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യത മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.

Update: 2021-06-24 10:08 GMT

ആങ്കറ: യുഎസും നാറ്റോയും അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന പശ്ചാത്തലത്തില്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിക്കായി തുര്‍ക്കി അധിക സൈന്യത്തെ അങ്ങോട്ട് അയക്കില്ലെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകാര്‍.

നാറ്റോ പിന്‍മാറ്റത്തിന് ശേഷം ഹമീദ് കര്‍സായി വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കും പ്രവര്‍ത്തനത്തിനും തുര്‍ക്കി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദൗത്യത്തിന്റെ സൈനിക വിന്യാസം, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് അമേരിക്കയുമായി തുര്‍ക്കി ചര്‍ച്ച നടത്തി വരികയാണ്. സൈനിക പിന്മാറ്റത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ നയതന്ത്ര ദൗത്യങ്ങള്‍ക്ക് വിമാനത്താവളസുരക്ഷ ഏറെ നിര്‍ണായകമാണ്. വിവിധ കാരണങ്ങളാല്‍ നാറ്റോയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ ഈ ദൗത്യത്തിലൂടെ ആങ്കറയും സഖ്യകക്ഷികളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യത മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, അമേരിക്കയുടേയും നാറ്റോയുടേയും പിന്തുണയില്ലാതെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ആങ്കറ വ്യക്തമാക്കിയിട്ടുണ്ട്.

നാറ്റോയുടെ റെസല്യൂട്ട് സപ്പോര്‍ട്ട് മിഷനു കീഴില്‍ ആറ് വര്‍ഷമായി വിമാനത്താവളത്തിന് കാവല്‍ ഏര്‍പ്പെടുത്തുന്നതിനായി തുര്‍ക്കിയുടെ 500 ഓളം സൈനികര്‍ അഫ്ഗാനിലുണ്ടെന്ന് ഹുലുസി അകര്‍ വ്യക്തമാക്കി.

Tags:    

Similar News