ഇറാഖിലെ കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശം: യുഎസ് അംബാസഡറെ വിളിച്ചുവരുത്തി തുര്‍ക്കി
യുഎസ് പ്രസ്താവനയെ 'പ്രഹസന'മെന്നാണ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. ഉത്തരവാദിത്തം പികെകെക്കാണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ കൊലപാതകത്തെ അപലപിക്കുമെന്നും നാറ്റോ അംഗമായ തുര്‍ക്കിക്കൊപ്പം നില്‍ക്കുമെന്നുമായിരുന്നു യുഎസിന്റെ പ്രസ്താവന.
ആങ്കറ: കുര്‍ദ് സായുധര്‍ തട്ടിക്കൊണ്ടുപോയ 13 തുര്‍ക്കികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധമറിയിച്ച് തുര്‍ക്കി. യുഎസ് അംബാസഡറെ തലസ്ഥാനമായ ആങ്കറയിലേക്ക് വിളിച്ചുവരുത്തിയാണ് തുര്‍ക്കി തങ്ങളുടെ പ്രതിഷേധമറിയിച്ചത്. യുഎസ് പ്രസ്താവനയെ 'പ്രഹസന'മെന്നാണ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. ഉത്തരവാദിത്തം പികെകെക്കാണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ കൊലപാതകത്തെ അപലപിക്കുമെന്നും നാറ്റോ അംഗമായ തുര്‍ക്കിക്കൊപ്പം നില്‍ക്കുമെന്നുമായിരുന്നു യുഎസിന്റെ പ്രസ്താവന.
വടക്കന്‍ ഇറാഖിലെ സൈനിക നടപടികള്‍ക്കിടെ ബന്ദിയാക്കപ്പെട്ട തുര്‍ക്കി സൈനികരും പോലിസ് ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന സംഘത്തെ നിയമവിരുദ്ധ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ (പികെകെ) പോരാളികള്‍ ഞായറാഴ്ചയാണ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് തുര്‍ക്കി പറയുന്നത്.അയല്‍രാജ്യമായ സിറിയയിലെ കുര്‍ദ് പോരാളികളുമായുള്ള യുഎസ് പങ്കാളിത്തത്തില്‍ ഇതിനകം തന്നെ തന്നെ തുര്‍ക്കി അസന്തുഷ്ടി പ്രകടിപ്പിട്ടുണ്ട്. 'തീവ്രവാദികളെ' പിന്തുണയ്ക്കുകയാണ് യുഎസ് ചെയ്യുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി. വടക്കന്‍ ഇറാഖില്‍ പികെകെ സൈനികത്താവളങ്ങള്‍ക്കെതിരെ തുര്‍ക്കി ഈ മാസം സൈനിക നടപടി ആരംഭിച്ചിരുന്നു. 13 ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ഉര്‍ദുഗാന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
സൈനിക നടപടിയില്‍ കുര്‍ദ് സായുധ വിഭാഗത്തില്‍ നിന്ന് 48 പേര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ പ്രസതാവന പ്രഹസനമാണെന്നും 'തീവ്രവാദികളെ' പിന്തുണയ്ക്കുന്നില്ലെന്നു പറയുമ്പോള്‍ തന്നെ യഥാര്‍ഥത്തില്‍ നിങ്ങള്‍ അവരുടെ പക്ഷത്തും അവര്‍ക്കു പിന്നിലും നിലയുറപ്പിക്കുകയാണെന്നും യുഎസ് പ്രസ്താവനയെ വിമര്‍ശിച്ച് ഉര്‍ദുഗാന്‍ പറഞ്ഞു.