ബൈഡന്റെ വംശഹത്യാ പ്രഖ്യാപനം: ശക്തമായ പ്രതിഷേധമറിയിച്ച് തുര്‍ക്കി,യുഎസ് അംബാസഡറെ വിളിച്ചുവരുത്തി

യുഎസ് അംബാസഡര്‍ ഡേവിഡ് സാറ്റര്‍ഫീല്‍ഡിനെയാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആങ്കറയിലേക്ക് വിളിച്ചുവരുത്തിയത്.

Update: 2021-04-26 06:50 GMT

ആങ്കറ: ഉസ്മാനിയ ഭരണകാലത്ത് അര്‍മേനിയക്കാരെ നാടുകടത്തുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തെ 'വംശഹത്യ'യായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടിയില്‍ പ്രതിഷേധിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആങ്കറയിലെ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി.യുഎസ് അംബാസഡര്‍ ഡേവിഡ് സാറ്റര്‍ഫീല്‍ഡിനെയാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആങ്കറയിലേക്ക് വിളിച്ചുവരുത്തിയത്.

ബൈഡന്റെ പ്രസ്താവനയ്ക്ക് യാതൊരു നിയമ സാധുതയുമില്ല. ആങ്കറ ഇതു തള്ളിക്കളയുന്നു. ഇത് അസ്വീകാര്യവും ഇതിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് ഉപ വിദേശകാര്യമന്ത്രി സെദാത്ത് ഒനാല്‍ യുഎസ് അംബാസഡര്‍ ഡേവിഡ് സാറ്റര്‍ഫീല്‍ഡിനെ ആങ്കറയിലേക്ക് വിളിച്ചുവരുത്തി അറിയിച്ചതായി തുര്‍ക്കി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നാറ്റോ സഖ്യകക്ഷിയായ അമേരിക്ക ബന്ധങ്ങളില്‍ മുറിവുണ്ടാക്കിയെന്നും അത് മാറാന്‍ പ്രയാസമാണെന്നും തുര്‍ക്കി സര്‍ക്കാര്‍ അറിയിച്ചു. ഉസ്മാനിയ സാമ്രാജ്യത്വത്തിന് കീഴില്‍ 1915 മുതല്‍ 1924 വരെയുള്ള കാലയളവില്‍ 1.5 മില്യണ്‍ അര്‍മേനിയക്കാരെ നാടുകടത്തുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം വംശഹത്യയാണെന്ന് അംഗീകരിച്ച് കൊണ്ടുള്ള പ്രഖ്യാപനം ശനിയാഴ്ചയാണ് ബൈഡന്‍ നടത്തിയത്.

അതേസമയം, കൂട്ടക്കൊല തുര്‍ക്കി അംഗീകരിക്കുന്നുണ്ടെങ്കിലും അത് കൃത്യമായ ആസുത്രണത്തോടെ നടത്തപ്പെട്ട ഒന്നായിരുന്നില്ലെന്നാണ് തുര്‍ക്കി പറയുന്നത്.

'വാക്കുകള്‍ക്ക് ചരിത്രം മാറ്റാനോ മാറ്റിയെഴുതാനോ കഴിയില്ല. തങ്ങളുടെ ചരിത്രത്തെക്കുറിച്ച് തങ്ങള്‍ക്ക് ആരുടെയും പാഠങ്ങള്‍ വേണ്ടതില്ല' -ബൈഡന്‍ ശനിയാഴ്ച പ്രഖ്യാപനം നടത്തിയതിനു പിന്നാലെ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു ട്വീറ്റ് ചെയ്തിരുന്നു.

 

Tags:    

Similar News