പൗരാവകാശ നേതാവിനെ വിട്ടയക്കാന്‍ ആവശ്യം; യുഎസ് അംബാസഡറേയും മറ്റ് ഒമ്പതു പേരെയും തുര്‍ക്കി പുറത്താക്കും
സിവില്‍ സൊസൈറ്റി നേതാവിനെ വിട്ടയക്കാന്‍ ആവശ്യം; യുഎസ് അംബാസഡറേയും മറ്റ് ഒമ്പതു പേരെയും തുര്‍ക്കി പുറത്താക്കും
ആങ്കറ: ജയിലില്‍ കഴിയുന്ന സിവില്‍ സൊസൈറ്റി നേതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജര്‍മ്മനി, അമേരിക്ക എന്നിവ ഉള്‍പ്പെടെ 10 രാജ്യങ്ങളിലെ അംബാസഡര്‍മാരെ പുറത്താക്കാന്‍ വിദേശകാര്യമന്ത്രിയോട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നിര്‍ദേശിച്ചു.
പാരിസില്‍ ജനിച്ച ജീവകാരുണ്യപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഉസ്മാന്‍ കവലയെ തുടര്‍ച്ചയായി തടങ്കലില്‍ വയ്ക്കുന്നത് തുര്‍ക്കിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു എന്നു കുറ്റപ്പെടുത്തി അംബാസഡര്‍മാര്‍ തിങ്കളാഴ്ച വളരെ അസാധാരണമായ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
ആഗോള കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവ ആരോപിച്ച് തുര്‍ക്കിയെ കരിമ്പട്ടികയില്‍ പെടുത്തിയതിനു പിന്നാലെയാണ് പാശ്ചാത്യ രാജ്യങ്ങളുമായുള്ള തര്‍ക്കം രൂക്ഷമാക്കി അംബാസിഡര്‍മാരെ പുറത്താക്കാന്‍ ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
'ഈ 10 അംബാസഡര്‍മാരെ എത്രയും വേഗം 'പേഴ്‌സണ നോണ്‍ ഗ്രാറ്റയായി' പ്രഖ്യാപിക്കാന്‍ തങ്ങളുടെ വിദേശകാര്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പുറത്താക്കലിന് മുമ്പുള്ള ആദ്യപടി എന്നര്‍ത്ഥമുള്ള നയതന്ത്ര പദപ്രയോഗം ഉപയോഗിച്ച് ഉര്‍ദുഗാന്‍ പറഞ്ഞു. അവരുടെ പ്രവര്‍ത്തി അപമര്യാദയാണെന്നും തുര്‍ക്കിയെ അറിയാത്ത ദിവസം അവര്‍ ഇവിടെ നിന്ന് പോകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തുര്‍ക്കിയില്‍നിന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും പറഞ്ഞു. തങ്ങള്‍ നിലവില്‍ മറ്റ് ഒമ്പത് രാജ്യങ്ങളുമായി തീവ്രമായ കൂടിയാലോചനയിലാണെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
'തങ്ങളുടെ അംബാസഡര്‍മാരുടെ പുറത്താക്കലിനെ ന്യായീകരിക്കുന്ന ഒന്നും ചെയ്തിട്ടില്ല,' നോര്‍വീജിയന്‍ വിദേശകാര്യ വക്താവ് ട്രൂഡ് മസെയ്‌ഡെ മാധ്യമങ്ങളോട് പറഞ്ഞു.മനുഷ്യാവകാശങ്ങളിലും ജനാധിപത്യത്തിലും തുര്‍ക്കിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് അവര്‍ വ്യക്തമാക്കി.
2016ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും 2016ല്‍ പരാജയപ്പെട്ട ഒരു സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ 2017 മുതല്‍ 64കാരനായ കവല ജയിലിലാണ്.