ട്വിറ്റര്‍ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്‍മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക്
ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്ന് പരിശോധിക്കുന്നതിന് വേണ്ടി ട്വിറ്ററിലെ സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മെയ് ഒമ്പത് മുതല്‍ മസ്‌ക് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്ന് കത്തില്‍ പറയുന്നു.
വാഷിങ്ടൺ: ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക്. സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് കൈമാറാന്‍ കമ്പനി തയ്യാറാവുന്നില്ല എന്ന കാരണം ഉയര്‍ത്തിയാണ് ഭീഷണി. തിങ്കളാഴ്ചയാണ് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ കമ്പനിക്ക് ഇക്കാര്യം അറിയിച്ച് കത്തയച്ചത്.
ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്ന് പരിശോധിക്കുന്നതിന് വേണ്ടി ട്വിറ്ററിലെ സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മെയ് ഒമ്പത് മുതല്‍ മസ്‌ക് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്ന് കത്തില്‍ പറയുന്നു.
എന്നാല്‍ കമ്പനിയുടെ ടെസ്റ്റിങ് രീതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന് മാത്രമാണ് ട്വിറ്റര്‍ വാഗ്ദാനം ചെയ്തത്. ഇത് ഇലോണ്‍ മസ്‌കിന്റെ ആവശ്യം നിഷേധിക്കുന്നതിന് തുല്യമാണ്. മസ്‌കിന് കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ആ വിവരങ്ങള്‍ ആവശ്യമാണ് എന്നും അഭിഭാഷകര്‍ കത്തില്‍ പറയുന്നു.
ഏപ്രിലിലെ ലയന കരാര്‍ അനുസരിച്ച് വിവരങ്ങള്‍ അറിയാനുള്ള മസ്‌കിന്റെ അവകാശം നിഷേധിക്കുകയാണ് കമ്പനി ചെയ്യുന്നത് എന്നും അതുകൊണ്ടു തന്നെ ഇടപാട് പൂര്‍ത്തിയാക്കാതിരിക്കാനും ലയനക്കരാര്‍ അവസാനിപ്പിക്കുന്നതിനുമുള്ള അവകാശം ഇലോണ്‍ മസ്‌കിനുണ്ടെന്നും അഭിഭാഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.