മുസ്‌ലിം ലീഗിന് എതിരായ വര്‍ഗീയ പരാമര്‍ശം: യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിന്റെ നടപടി
ബിജെപി-സംഘപരിവാര്‍ നേതാക്കളുടേയും അനുഭാവികളുടേതുമായി 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ലീഗ് പതാക ചൂണ്ടിക്കാട്ടി ലീഗിന് പാക്കിസ്ഥാന്‍ ബന്ധം ആരോപിക്കുന്ന ട്വീറ്റുകള്‍ ആണ് മരവിപ്പിച്ചത്.
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ യോഗി ആദിത്യ നാഥിനെതിരേ ട്വിറ്ററിന്റെ നടപടി. മുസ്‌ലിം ലീഗിനെതിരേ വര്‍ഗീയ ആരോപണം ഉന്നയിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. മുസ്‌ലിം ലീഗ് വൈറസ്, ഇന്ത്യ വിഭജനത്തില്‍ ലീഗിന് പങ്ക് എന്നാരോപിക്കുന്ന രണ്ടു ട്വീറ്റുകളാണ് മരവിപ്പിച്ചത്.
യോഗിയുടെ പരാമര്‍ശത്തിനെതിരേ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ യോഗി ആദിത്യനാഥിനെതിരേ നടപടി സ്വീകരിച്ചത്.
ബിജെപി-സംഘപരിവാര്‍ നേതാക്കളുടേയും അനുഭാവികളുടേതുമായി 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ലീഗ് പതാക ചൂണ്ടിക്കാട്ടി ലീഗിന് പാക്കിസ്ഥാന്‍ ബന്ധം ആരോപിക്കുന്ന ട്വീറ്റുകള്‍ ആണ് മരവിപ്പിച്ചത്. കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് ഹര്‍ഷ് സംഘാവി, നടി കൊയ്‌ന മിത്ര, എന്‍ഡിഎ എംഎല്‍എ എം.എസ് സിര്‍സ എന്നിവരുടെ ട്വീറ്റുകളും മരവിപ്പിച്ചു.