മണിപ്പൂരില്‍ സൈനിക ക്യാംപിന് സമീപം മണ്ണിടിച്ചില്‍;2 സൈനികര്‍ കൊല്ലപ്പെട്ടു,20തോളം പേരെ കാണാതായി
രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാംപിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ട് ജവാന്മാര്‍ മരിച്ചു.20തോളം പേരെ കാണാതായി.കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നോനി ജില്ലയിലെ ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.രണ്ട് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്.13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായിരുന്ന സമയത്ത് 107 ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥര്‍ റെയില്‍വേ ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി സ്ഥലത്ത് വിന്യസിച്ചിരുന്നതായി പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാണാതായവരില്‍ രണ്ട് ദമ്പതികളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പോലിസ് തുടങ്ങിയവയെല്ലാം നേതൃത്വം നല്‍കി വരുന്നു.ഹെലികോപ്റ്റര്‍ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.രക്ഷപ്പെടുത്തിയവരെ ആര്‍മിയുടെ മെഡിക്കല്‍ യൂനിറ്റിലെത്തിച്ച് ചികില്‍സ നല്‍കുന്നുണ്ട്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.