പാരിസില്‍ മുസ്‌ലിം സ്ത്രീകള്‍ക്കു നേരെ ആക്രണം; രണ്ടുപേര്‍ക്ക് കത്തിക്കുത്തേറ്റു
ഈഫല്‍ ടവറിന് കീഴെവച്ചാണ് വെള്ളക്കാരിയും ഫ്രഞ്ച് വംശജയുമായ ക്രൈസ്തവ സ്ത്രീ തുടര്‍ച്ചയായി കുത്തിയത്.
പാരിസ്: പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ കൊലപ്പെട്ട പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ പാരിസില്‍ മുസ്‌ലിം സ്ത്രീകള്‍ക്കു നേരെ ആക്രണം. അള്‍ജീരിയന്‍ വംശജരായ രണ്ടു വനിതകള്‍ക്ക് കത്തിക്കുത്തേറ്റു. ഈഫല്‍ ടവറിന് കീഴെവച്ചാണ് വെള്ളക്കാരിയും ഫ്രഞ്ച് വംശജയുമായ ക്രൈസ്തവ സ്ത്രീ തുടര്‍ച്ചയായി കുത്തിയത്.
നായകളുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. 'വൃത്തികെട്ട അറബികളെ' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ടു സ്ത്രീകളെ ഫ്രഞ്ച് പോലിസ് അറസ്റ്റ് ചെയ്തു. കത്തിക്കുത്തില്‍ പരിക്കേറ്റ കെന്‍സ (49), അമല്‍ എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
തങ്ങള്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു. ഈഫല്‍ ടവറിന്റെ സമീപം ഒരു ചെറിയ പാര്‍ക്ക് ഉണ്ട്, തങ്ങള്‍ അതുവഴി നടക്കുമ്പോള്‍ രണ്ട് നായ്ക്കള്‍ തങ്ങളുടെ അടുത്തേക്ക് വന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ഭയന്നതോടെ ഇതിനെ കൂടെനിര്‍ത്തുമോയെന്ന് തങ്ങള്‍ ചോദിച്ചു. ഇതിന് വിസമ്മതിച്ച അക്രമികളിലൊരാള്‍ കത്തി പുറത്തെടുക്കുകയും തന്റെ തലയിലും വാരിയെല്ലുകളിലും കുത്തി, കൈയില്‍ മൂന്നാമതും കുത്തി-കെന്‍സ ലിബറേഷന്‍ ദിനപത്രത്തോട് പറഞ്ഞു.
അവര്‍ തന്റെ കസിനെയും ആക്രമിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുരുതരമായി പരിക്കേറ്റ കെന്‍സയെയും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കെന്‍സയുടെ ബന്ധുവിന് കൈയ്ക്കാണ് കുത്തേറ്റത്.