ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Update: 2022-01-26 19:11 GMT

കട്ടപ്പന: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഇടുക്കി ഏലപ്പാറയില്‍ നിന്ന് വനിതാ ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്ന കേസില്‍ പിടിയിലായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടയം പനച്ചിക്കാട് സ്വദേശി മനു യശോധരന്‍, കരിന്തരുവി സ്വദേശി സാം കോര എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പം സര്‍ക്കാര്‍ ആശുപത്രിയിലും ഏലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്ന കനിമലര്‍ എന്ന വനിതാ ഡോക്ടറെയാണ് മനുവും സാമും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തി അന്‍പതിനായിരം രൂപ കവര്‍ന്നത്.

വാടകയ്‌ക്കെടുത്ത ഇന്നോവ കാറില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഏലപ്പാറയിലെ ക്ലിനിക്കില്‍ ഇരുവരും എത്തിയത്. തിരുവനന്തപുരത്തു നിന്നുമെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും കേസന്വേഷണത്തിന്റെ ഭാഗമായാണ് എത്തിയതെന്നും ജീവനക്കാരോട് പറഞ്ഞു. ഡോക്ടര്‍ കമ്പത്താണെന്ന് അറിയിച്ചപ്പോള്‍ ഒരു ജീവനക്കാരനെ വാഹനത്തില്‍ കയറ്റി കമ്പത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി. ഡോക്ടറുടെ പേരില്‍ കേരളത്തില്‍ കേസുണ്ടെന്നും ചോദ്യം ചെയ്യാന്‍ ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു.

ജീവനക്കാരനും ഡോക്ടറും ഇവര്‍ക്കൊപ്പം വാഹനത്തില്‍ കയറി. കമ്പത്ത് നിന്നും കുമളിയില്‍ എത്തുന്നതിനിടെ കേസില്‍ നിന്നും ഒഴിവാക്കാമെന്നു പറഞ്ഞ് ഡോക്ടറില്‍ നിന്നും 50,000 കൈക്കലാക്കി. തുടര്‍ന്ന് ഇരുവരെയും കുമളിയില്‍ ഇറക്കി വിട്ടു. കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കിയ ഡോക്ടര്‍ പീരുമേട് ഡിവൈഎസ്പി. സനില്‍കുമാറിന് പരാതി നല്‍കി. തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അനേഷണം തുടങ്ങി. അന്വേഷണത്തിനിടെ ഇരുവരും സാം കോരയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചു.

പോലിസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. തട്ടിപ്പ് നടന്ന ദിവസം തന്നെ ഇവര്‍ ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാര്‍ വാടകക്ക് എടുത്തിരുന്നു. ഈ കാറില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉപയോഗിക്കുന്ന യൂണിഫോം, ബെല്‍റ്റ്, തൊപ്പി എന്നിവയും ബോര്‍ഡുകളും കണ്ടെടുത്തു.

Tags:    

Similar News