യുഎഇ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും

Update: 2022-11-23 10:01 GMT

ദുബയ്: യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിങ്കളാഴ്ചയാണ് യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശം കൊണ്ടുവന്നത്. യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ അവരുടെ പാസ്‌പോര്‍ട്ടിലെ പേര് വ്യക്തവും കൃത്യവുമാണെന്ന് ഉറപ്പാക്കണം. പേര് പൂര്‍ണരൂപത്തില്‍ ഇല്ലെങ്കിലോ തെറ്റുണ്ടെങ്കിലോ യാത്ര മുടങ്ങും. ചില പ്രവാസികളുടെ യാത്ര മുടങ്ങുകയും ചെയ്തു. യുഎഇയിലേക്കുള്ള യാത്രയ്ക്കും തിരിച്ചുപോവുന്നവര്‍ക്കുമാണ് പുതിയ നിബന്ധനയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

പാസ്‌പോര്‍ട്ടിലെ പേര് നല്‍കുന്ന ഭാഗത്ത് ഫസ്റ്റ് നേമും സര്‍നേമും പ്രത്യേകം കൊടുത്തിരിക്കണം. പലരുടെയും പാസ്‌പോര്‍ട്ടില്‍ ആദ്യപേര് മാത്രമാണുള്ളത്. അവരുടെ യാത്രയാണ് മുടങ്ങിയത്. പേര് പൂര്‍ണതോതില്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്ര സാധ്യമല്ല. മാത്രമല്ല, യുഎഇയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും തടസ്സം നേരിടും. അമേരിക്കയില്‍ നിന്നും മംഗലാപുരത്തു നിന്നും യുഎഇയിലേക്ക് വരാനിരുന്നവര്‍ക്ക് ഇക്കാരണത്താല്‍ യാത്ര മുടങ്ങിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമല്ല, പുതിയ നിബന്ധന നടപ്പാക്കിയിട്ടുള്ളത്.

ഒട്ടേറെ വിമാന കമ്പനികള്‍ പുതിയ ചട്ടം നടപ്പാക്കിയെന്ന് ദെയ്‌റ ട്രാവല്‍സിലെ ഫര്‍ദാന്‍ ഹനീഫ് പറയുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും സമാനമായ അറിയിപ്പ് വന്നിട്ടുണ്ട്. സര്‍നേം പാസ്‌പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമാവില്ല എന്നാണ് അറിയിപ്പിലെ ചുരുക്കം. എല്ലാ വിസക്കാര്‍ക്കും പുതിയ നിബന്ധന ബാധകമാക്കും. ടൂറിസ്റ്റ്, വിസിറ്റ് വിസയിലെത്തുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ നിര്‍ദേശം വന്നിരിക്കുന്നത്. അതേസമയം, റസിഡന്‍സ്, തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ക്ക് ചില ഇളവുകള്‍ നല്‍കും.

Tags:    

Similar News