ഇസ് ലാമോഫോബിയ വളര്‍ത്തുന്നവരെ നാടുകടത്തും; മുന്നറിയിപ്പുമായി യുഎഇ രാജകുമാരി

Update: 2021-11-29 16:01 GMT

ദുബൈ: യുഎഇയില്‍ ഇരുന്ന് വിദ്വേഷ പ്രചാരണവും ഇസ് ലാമോ ഫോബിയയും വളര്‍ത്തുന്നവരെ പിടികൂടുമെന്ന മുന്നറിയിപ്പുമായി യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. വര്‍ഗീയ പ്രചാരണം നടത്തുന്നവരെ കണ്ടെത്തി നാടുകടത്തുമെന്നും രാജകുമാരി മുന്നറിയിപ്പ് നല്‍കി. വിദ്വേഷ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ 'ഏയ്ഞ്ചല്‍ ഓഫ് മേര്‍സി' എന്ന ഗ്രൂപ്പ് രൂപീകരിച്ചതായും രാജകുമാരി ട്വിറ്ററിലൂടെ അറിയിച്ചു.

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിദ്വേഷ പ്രചാരണം ശക്തിപ്പെടുന്നതിനിടേയാണ് രാജകുമാരിയുടെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളില്‍ മത വിദ്വേഷം, മതസ്പര്‍ധ എന്നിവ ഉണ്ടാക്കുന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടാല്‍ രാജകുമാരിയുടെ ട്വിറ്ററിലൂടെ അറിയിക്കണമെന്നും അത് യുഎഇ പോലിസിന് കൈമാറി നാടുകടത്തുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജകുമാരി അറിയിച്ചു. ഇത് സംബന്ധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ട്വീറ്റുകളാണ് രാജകുമാരി പോസ്റ്റ് ചെയ്തത്.

വിദ്വേഷ പ്രസംഗം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ യുഎഇ പോലിസിന്റെ ഇ-മെയിലില്‍ അയച്ച് കൊടുക്കണമെന്ന അറിയിപ്പോടെ യുഎഇ പോലിസിന്റെ dubaipolice.gov.ae എന്ന മെയില്‍ ഐഡിയും രാജകുമാരി പങ്കുവച്ചു.

വെറുപ്പ് പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അവര്‍ ചെയ്ത കുറ്റകൃത്യവും ചിത്രവും പേരും ബന്ധപ്പെടനാലുള്ള നമ്പര്‍(ഇമെയില്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം) തുടങ്ങിയ വിവരങ്ങള്‍ ഏയ്ഞ്ചല്‍ ഓഫ് മേഴ്‌സി എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യുക. ഇത് എല്ലാവര്‍ക്കും ബാധകമാണ്. എമിറേറ്റില്‍ ഹിന്ദുവും മുസ് ലിമും ക്രിസ്ത്യാനിയും പീഡിപ്പിക്കപെടുകയില്ലെന്നും രാജകുമാരി ട്വിറ്ററില്‍ അറിയിച്ചു.

നിങ്ങളുടെ രാജ്യത്ത് ആളുകളെയും ദൈവത്തെയും മതത്തെയും അപമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം. എന്നാല്‍, യുഎഇയില്‍ അങ്ങനയല്ല. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ അവരുടെ നാട്ടിലേക്ക് മടങ്ങണമെന്നും രാജകുമാരി ട്വിറ്ററിലൂടെ അറിയിച്ചു.

Tags:    

Similar News