ബിജെപി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം യുഡിഎഫും എല്‍ഡിഎഫും ഏറ്റെടുക്കണം: എസ്ഡിപിഐ

വര്‍ഗീയ ഫാസിസ്റ്റുകളോട് ധാരണയെന്നാണ് ഇരു മുന്നണികളും പരസ്പരം ആരോപിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ മച്ചംപാടിയില്‍ എസ്ഡിപിഐയെ തോല്‍പ്പിക്കാന്‍ മുസ്‌ലിം ലീഗ് ബിജെപിയുമായി ഉണ്ടാക്കിയ പരസ്യ സഹകരണം ആത്മഹത്യാപരമാണ്. ഇതിന് ലീഗ് വലിയ വില നല്‍കേണ്ടി വരും.

Update: 2020-12-09 06:54 GMT

കാസര്‍ഗോഡ്: തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം യുഡിഎഫും എല്‍ഡിഎഫും ഏറ്റെടുക്കണമെന്ന് എസ്ഡിപി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി.കേരളത്തിലെവിടെയും ബിജെപിയെ പരാജയപ്പെടുത്താനുള്ള വോട്ട് ബാങ്ക് ഇരുമുന്നണികള്‍ക്കുമുണ്ട്. അതവര്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, രഹസ്യധാരണയിലേര്‍പ്പെട്ട് ബിജെപിയെ വളര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വര്‍ഗീയ ഫാസിസ്റ്റുകളോട് ധാരണയെന്നാണ് ഇരു മുന്നണികളും പരസ്പരം ആരോപിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ മച്ചംപാടിയില്‍ എസ്ഡിപിഐയെ തോല്‍പ്പിക്കാന്‍ മുസ്‌ലിം ലീഗ് ബിജെപിയുമായി ഉണ്ടാക്കിയ പരസ്യ സഹകരണം ആത്മഹത്യാപരമാണ്. ഇതിന് ലീഗ് വലിയ വില നല്‍കേണ്ടി വരും. ഫാഷിസ്റ്റുകളോട് പരിമിതികളില്ലാത്ത പോരാട്ടംഎസ്ഡിപിഐ തുടരും.

ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നേതാക്കളുടെ തട്ടിപ്പുകളും വെട്ടിപ്പുകളും ദിനംപ്രതി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ആരോപണ വിധേയരായവര്‍ മാറി നിന്ന് അന്വേഷണത്തെ നേരിടുന്ന മര്യാദ കൈവെടിഞ്ഞ് എതിര്‍ പക്ഷത്തിന്റെ ന്യൂനതകളെ മറയാക്കി രക്ഷപ്പെടാനാണ് ശ്രമം. മഞ്ചേശ്വരം എംഎല്‍എ നൂറിലധികം കേസുകളില്‍ അറസ്റ്റിലായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന ലീഗ് സംസ്ഥാന നേതൃത്വത്തിന് രാഷ്ട്രീയ ധാര്‍മ്മികതയെക്കുറിച്ച്സംസാരിക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ടു.

ഉയര്‍ന്ന നേതാക്കളുടെ തെറ്റായ സ്വഭാവം കണ്ടു പഠിച്ചവരാണ് താഴെക്കിടയിലുമുള്ളത്. അത്തരക്കാര്‍ ജനപ്രതിനിധികളായി വന്ന് പൊതു സമ്പത്ത് കൊള്ളയടിക്കുന്നത് തടയേണ്ട ബാധ്യത ഓരോ പൗരനുമുണ്ട്. ഈ ബോധ്യത്തോടെയാണ് സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടത്. പുതിയ നിയമനിര്‍മ്മാണങ്ങളിലൂടെ വംശീയമായ ചേരിതിരിവ് സൃഷ്ടിച്ചും, വിലക്കയറ്റത്തിലൂടെ ജനജീവിതം ദുസ്സഹമാക്കിയും രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന ബിജെപിക്കും തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കേണ്ടതുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികളെയും പാര്‍ട്ടി പിന്തുണക്കുന്ന സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കുവാന്‍ ജനാധിപത്യ വിശ്വാസികളോട് അഭ്യര്‍ഥിക്കുന്നു. വിവേചനമില്ലാത്ത വികസനം എന്നതാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. പാര്‍ട്ടിയുടെ നിലവിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളെ സാക്ഷിയാക്കിയാണ് ഇത്തരമൊരു ഉറപ്പ് നല്‍കുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിച്ച് കൂടുതല്‍ നേട്ടം കൊയ്യുന്ന പാര്‍ട്ടി എസ്ഡിപിഐ ആയിരിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസലാം, ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ പങ്കെടുത്തു.

Tags:    

Similar News