കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി കുടുംബം. മകന്‍ കയറി കണ്ടപ്പോള്‍ അമ്മ കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.ഇന്ന് രാവിലെ പത്തിന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നാല്‍ മാത്രമേ ആരോഗ്യനിലയില്‍ എത്രത്തോളം പുരോഗതിയുണ്ടെന്ന് വ്യക്തമാകുകയുള്ളൂ. ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയില്‍ വെന്റിലേറ്ററിലാണ്.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസിന് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കേസില്‍ പരിപാടി സംഘടിപ്പിച്ച കമ്പനിയുടെ സിഇഒയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.