കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ഇന്ത്യയോട് യുഎന്‍

Update: 2019-08-22 17:02 GMT

ജനീവ: ജനജീവിതം ദുസ്സഹമായ കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്നു യുഎന്‍ മനുഷ്യാവകാശ സമിതി ഇന്ത്യയോട് ആവശ്യപ്പെട്ടു. ആഴ്ചകളായി തടഞ്ഞു വച്ചിരിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവണം. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളാണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ അധികൃതരുടെ നടപടി ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. മേഖലയില്‍ നടക്കുന്ന കൂട്ട അറസ്റ്റുകളും നീതീകരിക്കാനാവില്ല. സര്‍ക്കാരിനെതിരേ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ വരെ അടിച്ചമര്‍ത്തുന്നതും കര്‍ഫ്യൂ അടിച്ചേല്‍പിക്കുന്നതും തികഞ്ഞ മനുഷ്യവകാശ ലംഘനമാണെന്നും യുഎന്‍ മനുഷ്യാവകാശ സമിതി വ്യക്തമാക്കി.

ക്ശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടര്‍ന്നാണ് മേഖലയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തിപ്പെടുമെന്നു ഭയന്നതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ആഴ്ചകളായി വാര്‍ത്താവിനിമയ സംവിധാനങ്ങളടക്കം തടഞ്ഞിരിക്കുകയാണ് അധികൃതര്‍. കശ്മീരില്‍ വന്‍തോതില്‍ സൈനികരെ വിന്യസിച്ച ശേഷമാണ് 370ാം അനുച്ഛേദം സര്‍ക്കാര്‍ റദ്ദാക്കിയത്. 

Tags:    

Similar News