പിഎസ് സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിക്കും നേരെയുണ്ടായ പോലിസ് മര്‍ദ്ദനം നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കും.
തിരുവനന്തപുരം: പിഎസ് സിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ വിദ്യാര്‍ഥിള്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉന്നത റാങ്ക് നേടിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പിഎസ്‌സിയെ കുറിച്ച് ചില പ്രചാരണങ്ങളുണ്ടായി. വസ്തുത അതല്ലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ശരിയായ വിമര്‍ശനങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കും. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുകയും ചെയ്യും. ഒരു വസ്തുതയുമില്ലാതെ പിഎസ്‌സിയെ ആക്രമിക്കുകയാണ്. പിഎസ്‌സി എന്തെങ്കിലും തെറ്റു ചെയ്‌തെന്നും വിമര്‍ശകര്‍ക്ക് ചൂണ്ടിക്കാണിക്കാനായോ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 1.10 ലക്ഷം നിയമനങ്ങളാണ് പിഎസ്‌സി നടത്തിയത്. 22,000 തസ്തിക സൃഷ്ടിച്ചു. കേരളത്തിലെ പിഎസ്‌സി രാജ്യത്തെ മറ്റു പിഎസ്‌സികള്‍ക്ക് മാതൃകയാണ്. 1,742 കാറ്റഗറിയില്‍പെട്ട തസ്തികകള്‍ക്ക് പിഎസ്‌സി തിരഞ്ഞെടുപ്പ് നടത്തുന്നു. ലാസ്റ്റ് ഗ്രേഡ് മുതല്‍ ഡെപ്യൂട്ടി കലക്ടര്‍ വരെയുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇങ്ങനെയല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിക്കും നേരെയുണ്ടായ പോലിസ് മര്‍ദ്ദനം നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കും. യൂനിവേഴ്‌സിറ്റി കോളജിനെ തകര്‍ക്കാന്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉയര്‍ന്നുവരുന്നുണ്ട്. അത് അംഗീകരിക്കാനാകില്ല. ആളുണ്ടെങ്കില്‍ യൂനിവേഴ്‌സിറ്റി കോളജില്‍ ആര്‍ക്കും സംഘടനാ പ്രവര്‍ത്തനം നടത്താം. അതിനുള്ള അവകാശം സംഘടനകള്‍ക്കുണ്ട്. കോളജിനുള്ളില്‍ യാതൊരുവിധ അക്രമ പ്രവര്‍ത്തനവും അനുവദിക്കില്ല. അക്രമം പൂര്‍ണമായും അവസാനിപ്പിക്കും. തെറ്റായ ഒരു പ്രവണത കണ്ടാല്‍ ആ സ്ഥാപനം വേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കാനാവില്ല. എലിയെ പേടിച്ച് ഇല്ലം ചുടാന്‍ കഴിയില്ല. സ്ഥാപനത്തിന്റെ യോഗ്യതയ്ക്കു ചേരാത്ത പ്രവണത കണ്ടാല്‍ തിരുത്താന്‍ നടപടിയുണ്ടാവും. പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കും. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോളജുകളിലൊന്നായ യൂനിവേഴ്‌സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളജിലുണ്ടായ പ്രശ്‌നം നിര്‍ഭാഗ്യകരമാണ്. അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.