രാമക്ഷേത്രത്തെക്കുറിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറുടെ പ്രസ്താവന വിദ്വേഷം ജനിപ്പിക്കുന്നത്: എസ്ഡിപിഐ
ന്യൂഡല്‍ഹി: രാമക്ഷേത്രത്തെക്കുറിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ ജനുവരി 24 ന് നടത്തിയ പ്രസ്താവന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍ അഹ്മദ്. ബാബരി മസ്ജിദിനെക്കുറിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്നും ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മസ്ജിദ് നിര്‍മിച്ചതെന്ന അദ്ദേഹത്തിന്റെ വാദം അടിസ്ഥാനരഹിതവും സാങ്കല്‍പ്പികവുമാണ്. മസ്ജിദ് നിര്‍മിച്ചത് ഒരു ക്ഷേത്രവും പൊളിച്ചിട്ടല്ലെന്ന സുപ്രിംകോടതിയുടെ കണ്ടെത്തലിന് വിരുദ്ധമാണിത്.
ക്ഷേത്രനിര്‍മാണത്തിലൂടെ ''ചരിത്രപരമായ മണ്ടത്തരം'' ശരിയാക്കിയെന്ന മന്ത്രിയുടെ പ്രസ്താവന പരമോന്നത നീതിപീഠത്തിന്റെ കണ്ടെത്തലിനെയും നിരീക്ഷണത്തെയും നിന്ദിക്കുന്നതാണ്. 1949 ഡിസംബര്‍ 22/23 അര്‍ധരാത്രിയില്‍ അക്രമത്തിലൂടെയും നിയമവിരുദ്ധമായും ബാബരി മസ്ജിദിനുള്ളില്‍ സ്ഥാപിക്കുകയും 1992 ഡിസംബര്‍ 6 ന് ആര്‍എസ്എസ് ഗുണ്ടകള്‍ ബാബറി മസ്ജിദിനെ തകര്‍ക്കുകയും ചെയ്തത് കുറ്റകൃത്യമാണെന്ന സുപ്രിം കോടതിയുടെ കണ്ടെത്തലിനെയാണ് കേന്ദ്രമന്ത്രി പരിഹസിക്കുന്നത്.
കേന്ദ്രമന്ത്രിയുടെ പരമോന്നത നീതിന്യായ സ്ഥാപനത്തോടുള്ള തികഞ്ഞ അവഗണന രാജ്യത്തെയാകെ ആശങ്കപ്പെടുത്തുന്നതും രാജ്യത്തെ മുഴുവന്‍ നീതിന്യായ സംവിധാനത്തിനു വെല്ലുവിളിയുമാണ്. ഇന്ത്യന്‍ ഭരണഘടനാ സംവിധാനത്തിന്റെ പരാജയത്തിന് സാഹചര്യം സൃഷ്ടിക്കുകയാണ് ഇത്തരം പ്രസ്താവനകള്‍. കേന്ദ്രമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ അക്രമത്തിനും അരാജകത്വത്തിനും വഴിയൊരുക്കും. ക്ഷേത്രനിര്‍മാണ ധനശേഖരണ യജ്ഞത്തിലൂടെ സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള സംഘപരിവാരത്തിന്റെ നിഗൂഢ അജണ്ടകള്‍ക്ക് പ്രചോദനമാകുന്നതുമാണ്. ദേശീയ നേതാക്കള്‍, പ്രത്യേകിച്ചും രാജ്യത്തിന്റെ മന്ത്രിമാര്‍ സംഘപരിവാരത്തിന്റെ മാത്രം മന്ത്രിമാരല്ലെന്നും സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും അഡ്വ. ശറഫുദ്ദീന്‍ അഹ് മദ് ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകള്‍ സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ വിഭജനവും വിദ്വേഷവും കൂടുതല്‍ ആഴത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.