യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസ്: ജയിലില്‍ കഴിയുന്ന പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി

കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമും ശിവരഞ്ജിത്തും ഉള്‍പ്പെടെയുള്ളവരാണ് ഈ ബ്ലോക്കില്‍ കഴിഞ്ഞിരുന്നത്

Update: 2019-10-17 17:21 GMT

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്‌ഐ പ്രവര്‍ത്തകനില്‍ നിന്നു കഞ്ചാവ് പിടികൂടി. സഹപാഠിയായ അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ നസീമില്‍ നിന്നാണ് കഞ്ചാവും ബീഡിയും ഹാന്‍സും ഉള്‍പ്പെടെയുള്ള നിരോധിത സാധനങ്ങള്‍ കണ്ടെടുത്തത്. നസീമിനു പുറമേ ആറു സഹതടവുകാരില്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ളവ പിടികൂടിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി തടവുപുള്ളികളെ പാര്‍പ്പിച്ച ബ്ലോക്കുകളില്‍ പോലിസ് നടത്തിയ തിരച്ചിലിലാണ് നസീമില്‍ നിന്ന് ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. വൈകീട്ട് ഏഴുമുതല്‍ ഒമ്പത് വരെയാണു ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ നിര്‍ദേശപ്രകാരം ജയില്‍ സൂപ്രണ്ട് ബി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റല്‍ ബ്ലോക്ക്, നാല്, എട്ട്, 12 തുടങ്ങിയ ബ്ലോക്കുകളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 15 കവര്‍ ബീഡി, പാന്‍പരാഗ്, സിഗരറ്റ്, 160 രൂപ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

    ഇതേത്തുടര്‍ന്ന് ജയിലില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയതിനു നസീം ഉള്‍പ്പെടെ ഏഴു തടവുകാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് പൂജപ്പുര പോലിസിന് കത്ത് നല്‍കി. കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമും ശിവരഞ്ജിത്തും ഉള്‍പ്പെടെയുള്ളവരാണ് ഈ ബ്ലോക്കില്‍ കഴിഞ്ഞിരുന്നത്.


Tags:    

Similar News