നേതാക്കളുടെ രാജിയില്‍ ആടിയുലഞ്ഞ് ബിജെപി; ജാതിസമവാക്യങ്ങള്‍ കടപുഴകി, യുപിയില്‍ തിരിച്ച് വരവിന് കച്ചമുറുക്കി എസ്പി

ജാതി സമവാക്യങ്ങള്‍ ഏറെ നിര്‍ണായകമായ സംസ്ഥാനത്ത് വിവിധ ജാതികളെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങളാണ് പ്രമുഖ കക്ഷികളെല്ലാം നടത്തുന്നത്.

Update: 2022-01-14 15:37 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോവുകയാണ്. ജാതി സമവാക്യങ്ങള്‍ ഏറെ നിര്‍ണായകമായ സംസ്ഥാനത്ത് വിവിധ ജാതികളെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങളാണ് പ്രമുഖ കക്ഷികളെല്ലാം നടത്തുന്നത്.

 പരമത വിദ്വേഷവും ജാതി സമവാക്യങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളുമായിരുന്നു കഴിഞ്ഞ തവണ ബിജെപിയെ അധികാരത്തിലേറ്റിയത്.

ഹിന്ദുത്വത്തിലൂന്നി ഹൈന്ദവ വോട്ടുകള്‍ ഏകീകരിച്ചതിനൊപ്പം യാദവ ഇതര ഒബിസി, ജാതവ ഇതര ദലിതുകള്‍, പരമ്പരാഗത സവര്‍ണ്ണ വോട്ട് ബാങ്കുകള്‍ ചേര്‍ന്നതോടെ ബിജെപിക്ക് ജയിച്ചു കയറാനായി. മുസ്‌ലിം വോട്ടുകളിലുണ്ടായ വിള്ളലും കൂടിയായപ്പോള്‍ ബി ജെ പിയുടെ സീറ്റ് നില 300 ന് മുകളിലേക്ക് കുതിച്ചു.

40 ശതമാനം വോട്ട് വിഹിതം നേടിയ ബിജെപി 312 സീറ്റുകളാണ് 2017ല്‍ നേടിയത്. സംസ്ഥാനത്ത് രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു പാര്‍ട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ബി ജെ പി സ്വന്തമാക്കിയത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പിയും സഖ്യമായി മല്‍സരിച്ച് 38% വോട്ടുകള്‍ നേടിയിട്ടും ബിജെപിയുടെ വോട്ട് വിഹിതം 50% ആയി ഉയര്‍ന്നിരുന്നു. 2022ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും വെവ്വേറെയാണ് മത്സരിക്കുന്നതെങ്കിലും 'സാമാജിക് ന്യായ്' (സാമൂഹ്യനീതി) എന്ന പദപ്രയോഗത്തിന് കീഴില്‍ വന്‍ ജാതി കണ്‍സോര്‍ഷ്യത്തിനൊപ്പം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് മുന്‍ മുഖ്യമന്ത്രി അവകാശപ്പെടുന്നു. അഖിലേഷ് യാദവിന്റെ നേരിട്ടിള്ള നിയന്ത്രണത്തിലാണ് സാമാജിക് ന്യായ് രൂപീകരിച്ചിട്ടുള്ളത്.

ബിജെപിയിലെയും ബിഎസ്പിയിലെയും യാദവ ഇതര ഒബിസി നേതാക്കള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ ഈ അവകാശവാദത്തിന് കൂടുതല്‍ ആക്കം കൂടിയിട്ടുണ്ട്. ജാതി കണക്കുകൂട്ടല്‍ ഫലപ്രദമായ രീതിയില്‍ അനുകൂലഘടകമായി മാറിയാല്‍ 300 ന് അടുത്ത് സീറ്റുകള്‍ എസ്പിക്ക് നേടാന്‍ സാധിക്കുമെന്നും അവരുടെ നേതാക്കള്‍ അവകാശപ്പെടുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍ പ്രകാരം, സംസ്ഥാനത്ത് ഏകദേശം 25.27% പേരാണ് ജനറല്‍ കാസ്റ്റില്‍പ്പെടുന്നത്. 10% ബ്രാഹ്മണരും 7% താക്കൂര്‍മാരും ഉള്‍പ്പെടെയാണിത്.

ഒബിസി വിഭാഗത്തില്‍പ്പെടുന്നത് 39%-40% പേരാണ്. (79% യാദവരും 4% നിഷാദുകളും ഉള്‍പ്പെടെയാണിത്). ഏകദേശം 20% എസ്‌സി, എസ്ടികള്‍ (10% ജാതവുകള്‍ ഉള്‍പ്പെടെ).

16-19% ആമ് മുസ്ലീം ജനസംഖ്യ. ജാതി സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ ഓരോ ജാതിയുടേയും കൃത്യമായ ശതമാനം ഔദ്യോഗികമായി ലഭ്യമല്ല.

ഉയര്‍ന്ന ജാതിക്കാര്‍, മുസ്ലീങ്ങള്‍, യാദവ ഇതര ഒബിസികള്‍, യാദവര്‍, ജാതവ് എന്നിങ്ങനെ പ്രധാനപ്പെട്ട 5 വോട്ടിങ് ബാങ്കാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇതിലെ രണ്ട് ഗ്രൂപ്പുകളുടെയും യാദവ ഇതര ഒബിസിക്കാരുടെയും വോട്ടുകള്‍ നേടി വെറും 30% വോട്ട് വിഹിതത്തോടെയായിരുന്നു യുപിയില്‍ മുന്‍കാലങ്ങളില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കപ്പെട്ടിരുന്നത്. 2012ല്‍ മുസ്ലീം-യാദവ് കൂട്ടുകെട്ടിലാണ് എസ്പി സര്‍ക്കാര്‍ രൂപീകരിച്ചതെങ്കില് 2007ല്‍ ബിഎസ്പി ദലിത്- മുസ്ലിം കൂട്ടുകെട്ടിന്റെ പിന്തുണയോടെയായിരുന്നു അധികാരത്തിലെത്തിയത്. അന്നത്തെ സാഹചര്യങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും പ്രധാന എതിരാളികളായി മാറിയിരുന്നില്ല.

എന്നാല്‍ 2017 ഓടെ യുപിയിലെ സ്ഥിതി മാറി. യാദവ ഇതര ഒബിസികളെയും ജാതവ ഇതര പട്ടികജാതിക്കാരെയും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു 2017ലെ യുപി തിരഞ്ഞെടുപ്പിലേക്ക് ബിജെപി ഇറങ്ങിയത്.

ടോയ്‌ലറ്റുകള്‍ മുതല്‍ എല്‍പിജി സിലിണ്ടറുകള്‍ വരെ കേന്ദ്രം ആരംഭിച്ച വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഈ കമ്മ്യൂണിറ്റികള്‍ക്കെല്ലാം നല്‍കിയികൊണ്ടായിരുന്നു ഇവരെ ബിജെപി തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചത്.

യാദവരും ജാതവരും യഥാക്രമം എസ്പി, ബിഎസ്പി ഭരണങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുഭവിച്ചെന്ന പ്രചരണവും ബിജെപി സംസ്ഥാനത്ത് അഴിച്ച് വിട്ടു. രണ്ട് പാര്‍ട്ടിയും മുസ്ലിംങ്ങളോട് പ്രീണനം കാട്ടിയെന്നും ആരോപിക്കപ്പെട്ടു. എസ്പി ഭരണത്തില്‍ യാദവരുടെ നിയമലംഘനത്തില്‍ യാദവ ഇതര ഒബിസികള്‍ക്കിടയിലുണ്ടായിരുന്ന അതൃപ്തിയുടെ മുറിവില്‍ ബിജെപിയുടെ പ്രചരണം എരിവ് പകര്‍ന്നു.രാജ്‌നാഥ് സിംഗ് (ഠാക്കൂര്‍), കല്‍രാജ് മിശ്ര (ബ്രാഹ്മണന്‍), കേശവ് മൗര്യ (മൗര്യ, യാദവ ഇതര ഒബിസി), ഉമാഭാരതി (ലോധ്, യാദവ ഇതര ഒബിസി) എന്നീ ബാനറുകളില്‍ നാല് പ്രധാന മുഖങ്ങളെ അണിനിരത്തിയുള്ള പ്രചരവണവും ബിജെപിക്ക് ഗുണം ചെയ്തു.

ബിഎസ്പിയുടെ ബ്രാഹ്മണമുഖമായിരുന്നു ബ്രജേഷ് പഥക്കിനൊപ്പം കോണ്‍ഗ്രസിന്റെ റീത്ത ബഹുഗുണ ജോഷിയെയും തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു. സര്‍ക്കാരിലും ഈ ജാതി വിഭജനം ശക്തമായിരുന്നു സ്വാമി പ്രസാദ് മൗര്യയേയും അപ്നാ ദളിലെ കുര്‍മി നേതാവായ അനുപ്രിയ പട്ടേലിനെ യാദവ ഇതര ഒബിസി മുഖമായിട്ടുമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. 67% മൗര്യകളും 5% കുര്‍മികളും യുപിയിലെ ഏറ്റവും വലിയ യാദവ ഇതര ഒബിസി വോട്ടുബാങ്കുകളാണ്. ലോധില്‍ 3% ജനസംഖ്യയുള്ളതിനാല്‍ കല്യാണ്‍ സിംഗിന്റെ ചെറുമകനേയും മന്ത്രിയാക്കി.

ചുരുക്കത്തില്‍ 10% ബ്രാഹ്മണ വോട്ടുകള്‍, 12% താക്കൂര്‍, വൈശ്യ വോട്ടര്‍മാര്‍, 33% യാദവ ഇതര ഒബിസി വോട്ടുകള്‍, 710% ജാതവ ഇതര ദളിത് വോട്ടുകള്‍ എന്നിങ്ങനെ 60% വോട്ട് ബാങ്കായിരുന്നു ബി ജെ പി ലക്ഷ്യമിട്ടത്. ഏതാണ്ട് മൂന്നീലേറെ പ്രധാന ഗ്രൂപ്പുകളുടെ വോട്ടുകള്‍ ലഭിച്ചതിനാല്‍ അത് 40 ശതമാനത്തിലെത്തി നിന്നു. കഴിഞ്ഞ തവണ മുസ്ലീം വോട്ടുകള്‍ എസ്പികോണ്‍ഗ്രസ് സഖ്യത്തിനും ബിഎസ്പിക്കും ഇടയില്‍ ഭിന്നിച്ചു. 29% വോട്ടര്‍മാരുള്ള പടിഞ്ഞാറന്‍ യുപിയില്‍ മുസ്‌ലിംകള്‍ എസ്പി സഖ്യത്തിന് വോട്ട് ചെയ്തപ്പോള്‍, യുപിയുടെ മറ്റ് ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ ബിഎസ്പിക്കായിരുന്നു വോട്ട് ചെയ്തത്.

എന്നാല്‍ യോഗി ആദിത്യനാഥിലൂടെ ബിജെപി ഒരു 'ഠാക്കൂറിനെ' മുഖ്യമന്ത്രിയാക്കിയതോടെ സ്ഥിതി മാറിയെന്നാണ് എസ്പി ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ബ്രാഹ്മണരെയും യാദവ ഇതര ഒബിസികളെയും രോഷാകുലരാക്കിയെന്നും ബിജെപിയുടെ ജാതി ബാങ്ക് പിളര്‍ന്നെന്നും എസ്പി അവകാശപ്പെടുന്നു. മൂന്ന് ഒബിസി മന്ത്രിമാരുള്‍പ്പെടെ ബിജെപി സര്‍ക്കാറില്‍ നിന്നും രാജിവെച്ച് എസ്പിയിലേക്ക് എത്തിയത് ഇതിന്റെ തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ബിഎസ്പിയും കോണ്‍ഗ്രസും കാര്യമായി ചിത്രത്തിലില്ലാത്ത തിരഞ്ഞെടുപ്പില്‍ തങ്ങളും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതെന്ന് എസ്പി പറയുന്നു. അതിനാല്‍, ബിജെപി വിരുദ്ധ വോട്ടുകള്‍, പ്രത്യേകിച്ച് മുസ്ലീം വോട്ടുകള്‍, ഒരു വിഭജനവുമില്ലാതെ എസ്പിയിലേക്ക് വരുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍. ഇത്തവണ 35 ശതമാനം വോട്ട് വിഹിതം കടന്ന് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നും എസ്പി നേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍, എസ്ഡിപിഐയും ഉവൈസിയുടെ മജ്‌ലിസും മല്‍സരത്തിനിറങ്ങുമ്പോള്‍ എസ്പിയുടെ കാര്യം എന്താവുമെന്ന് കണ്ടറിയേണ്ടി വരും.

Tags:    

Similar News