യുപിയില്‍ ദലിത് സ്ത്രീകളെ പീഡിപ്പിച്ചു, വീട് തകര്‍ത്തു; സവര്‍ണ വിഭാഗത്തിനെതിരേ നടപടിയെടുക്കാതെ പോലിസ്

Update: 2022-01-10 06:15 GMT
യുപിയില്‍ ദലിത് സ്ത്രീകളെ പീഡിപ്പിച്ചു, വീട് തകര്‍ത്തു; സവര്‍ണ വിഭാഗത്തിനെതിരേ നടപടിയെടുക്കാതെ പോലിസ്

കുശിനഗര്‍: വടക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ ദലിത് കുടുംബത്തിന് നേരെ സവര്‍ണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്രമണം. വീടിന്റെ ഒരു ഭാഗം തകര്‍ത്ത ഗുണ്ടകള്‍ സ്ത്രീകളെ പീഡിപ്പിച്ചതായും ദലിത് കുടുംബം പരാതിയില്‍ പറഞ്ഞു.

സായുധരായി എത്തിയ അക്രമാസക്തരായ ഗുണ്ടകള്‍ കുടുംബത്തിലെ സ്ത്രീകളെയും ആക്രമിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.

ദളിത് കുടുംബം താമസിക്കുന്ന പഴയ വീടിന്റെ ഒരു ഭാഗം മേല്‍ജാതിക്കാരായ അക്രമികള്‍ ക്രൂരമായ ബലപ്രയോഗത്തിലൂടെ തകര്‍ത്തു, വീടിന്റെ മതില്‍ തകര്‍ത്തു, ഭൂമി കൈക്കലാക്കാന്‍ ശ്രമിച്ചു, വീട്ടിലെ സ്ത്രീകള്‍ പ്രതിഷേധിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ആക്രമണത്തിനെതിരെ സ്ത്രീകള്‍ പ്രതിഷേധിച്ചപ്പോള്‍, അക്രമികള്‍ കുടുംബത്തിലെ ഒരു സ്ത്രീയെയും സമീപത്തെ വീട്ടിലേക്ക് വലിച്ചിഴച്ച് മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും പീഡിപ്പിക്കുകയും ചെയ്തതായും കുടുംബം ആരോപിക്കുന്നു. സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും ഒരാളെപ്പോലും കുശിനഗര്‍ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. തങ്ങള്‍ പോലിസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ പോലും പോലിസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

ഇത് സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും ഇരുകക്ഷികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കുശിനഗര്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിയൂഷ് കാന്ത് റായ് ഇന്ത്യ ടുമാറോയോട് പറഞ്ഞു. അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് പറഞ്ഞു.

പോലീസ് സൂപ്രണ്ട് ഇടപെട്ടതിനെ തുടര്‍ന്ന് പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യ ടുമാറോയോട് സംസാരിക്കവേ അക്രമത്തിനിരയായ കുടുംബം പറഞ്ഞു. എന്നാല്‍ പോലിസ് ഞങ്ങളുടെ പരാതിയില്‍ വെള്ളം ചേര്‍ത്തു, കുറ്റക്കാര്‍ക്കെതിരെ ഐപിസിയുടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. ഉയര്‍ന്ന ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോലിസ് മനഃപൂര്‍വം കുറ്റവാളികളുടെ തെറ്റായ പേരും വിലാസവും എഴുതിയിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.

കുശിനഗറിലെ സഫ നൗക തോലയില്‍ ഡിസംബര്‍ 28ന് (2021) രാവിലെയാണ് സംഭവം. ആക്രമണം നടക്കുമ്പോള്‍ 'അങ്കണവാടി' വര്‍ക്കറായി ജോലി ചെയ്യുന്ന കുടുംബനാഥ ബസന്തി ദേവിയും ബിരുദ വിദ്യാര്‍ത്ഥിനിയായ മകള്‍ അല്‍ക റാവത്ത് അഗ്‌നിഹോത്രിയും വീട്ടില്‍ ഉണ്ടായിരുന്നു.

'വീടിനും അമ്മയ്ക്കും നേരെയുള്ള ആക്രമണം എന്റെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ മൊബൈല്‍ തട്ടിയെടുത്ത് തകര്‍ത്തു. എന്നെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് അവര്‍ എന്നെ ആക്രമിക്കുകയും ബലമായി അടുത്തുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു'. ഇന്ത്യ ടുമാറോയോട് സംസാരിച്ച അല്‍ക പറഞ്ഞു.

'എന്റെ അമ്മയ്ക്ക് തലയ്‌ക്കേറ്റ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ടെങ്കിലും, ഞങ്ങള്‍ പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി, പക്ഷേ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഞങ്ങളെ ശകാരിക്കുകയും ഒരു വശത്തേക്ക് തള്ളുകയും ചെയ്തു.'

കുറ്റവാളികളോട് പൊലീസ് മൃദുസമീപനം സ്വീകരിക്കുകയാണെന്ന് ദളിത് കുടുംബം ആരോപിക്കുന്നു. 'പോലീസിന്റെ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ തൃപ്തരല്ല,' അവര്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി തങ്ങള്‍ ഈ വീട്ടില്‍ താമസിക്കുന്നു. 'ഈ ഉയര്‍ന്ന ജാതി അക്രമികള്‍ ഞങ്ങളെ ഭയപ്പെടുത്തി ഞങ്ങളുടെ ഭൂമി ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു'. കുടുംബം പറയുന്നു.

Tags:    

Similar News