ദയൂബന്ദ്: ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ മുസ് ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും ബിജെപി ജയിച്ചു കയറിയത് ചര്‍ച്ചയാവുന്നു. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ് ലാമിക പാഠശാലയായ ദാറുല്‍ ഉലും ദയൂബന്ദിന്റെ ആസ്ഥാനമായ ദയൂബന്ദില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബിജെപി വിജയിച്ചിരിക്കുകയാണ്. സഹരന്‍പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദയൂബന്ദ് പട്ടണത്തില്‍ 70% മുസ്‌ലിം ജനസംഖ്യയുണ്ടെങ്കിലും മണ്ഡലത്തില്‍ 40% മുസ് ലിം വോട്ടര്‍മാരാണുള്ളത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എ ബ്രിജേഷ് സിംഗ് 7,104 വോട്ടുകള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ എതിരാളിയായ കാര്‍ത്തികേയ റാണയെ പരാജയപ്പെടുത്തി. ഇത്തവണ ബിജെപി ദയൂബന്ദില്‍ പരാജയപ്പെടുമെന്ന് നിരീക്ഷകര്‍ വിലയിരുത്തിയെങ്കിലും ബിജെപി സീറ്റ് നിലനിര്‍ത്തുകയാണുണ്ടായത്.
ഉവൈസിയുടെ എഐഎംഐഎം ബിജെപിയെ സഹായിച്ചോ?
ബിജെപിയുടെ ബി ടീമാണെന്ന് എതിരാളികള്‍ ആരോപണം ഉന്നയിക്കുന്ന ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തേഹാദ് മുസ്‌ലിമീന്‍ (എഐഎംഐഎം) ഇത്തവണ ദയൂബന്ദില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. 100 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യുപി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി പങ്കാളികളായെങ്കിലും ഒരു സീറ്റിലും വിജയിക്കാനായില്ല. 0.43 ശതമാനം വോട്ട് വിഹിതമാണ് എഐഎംഐഎം നേടിയത്. ദയൂബന്ദില്‍ എഐഎംഐഎം സ്ഥാനാര്‍ഥി ഉമൈര്‍ മദനി 3500 വോട്ടുകള്‍ നേടി. ബിജെപിയുടെയും എസ്പിയുടെയും സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വ്യത്യാസം 7000ല്‍ അധികം വോട്ടുകളാണ്. എഐഎംഐഎം അതിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ആ മൂവായിരം ഒറ്റ വോട്ടുകള്‍ എസ്പി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാന്‍ സാധ്യതുണ്ടെങ്കില്‍ വിജയത്തിന് അത് മതിയാവുമായിരുന്നില്ല. 2017ലെ തിരഞ്ഞെടുപ്പില്‍ എഐഎംഐഎം ഈ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. എന്നിട്ടും ബിജെപി തന്നെയാണ് വിജയിച്ചത്. എഐഎംഐഎം സ്ഥാനാര്‍ഥിത്വം ബിജെപിയെ സഹായിച്ചിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബിജെപി വിരുദ്ധ വോട്ടുകളില്‍ ഭിന്നത
2017 ലെ ഫലങ്ങളുടെ പുനരവലോകനത്തില്‍, ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് 40 ശതമാനം മുസ് ലിം വോട്ടുകളുള്ള മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാവും. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ചൗധരി രാജേന്ദ്ര സിങ്ങും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രഹത് ഖലീലും ചേര്‍ന്ന് 53,000 വോട്ടുകളാണ് നേടിയത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എസ്പി സ്ഥാനാര്‍ത്ഥി റാണയുടെ വിജയം ഉറപ്പിക്കാമായിരുന്നു.
2017ല്‍ ബിജെപിയുടെ ബ്രിജേഷ് സിംഗ് 1.02 ലക്ഷം വോട്ടുകള്‍ നേടി, എസ്പിയും ബിഎസ്പിയും നിര്‍ത്തിയ മുസ്‌ലിം സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ ഭിന്നിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി മജീദ് അലിക്ക് 72,844 വോട്ടും എസ്പി സ്ഥാനാര്‍ഥി മാവിയ അലിക്ക് 55,385 വോട്ടും ലഭിച്ചു.
അതേസമയം, മുസ് ലിം ആധിപത്യമുള്ള ഒരു സീറ്റില്‍, ഒരു മുസ്‌ലിം ഇതര ബിഎസ്പി സ്ഥാനാര്‍ത്ഥി 52,000 വോട്ടുകള്‍ നേടിയത് മതപരമായ അടിസ്ഥാനത്തില്‍ വോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. മുസ് ലിം വോട്ടുകള്‍ മതപരമായി കേന്ദ്രീകരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഹത് ഖലീലിന് കൂടുതല്‍ വോട്ട് ലഭിക്കുമായിരുന്നു.
ബിജെപി ഉള്‍പ്പടെ 10 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തിറങ്ങിയതാണ് യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് ഗുണം ചെയ്തത്. കാര്‍ത്തികേ റാണ (എസ്പി), ബ്രിജേഷ് (ബിജെപി), നൗഷാദ് (എസ്എന്‍വൈവിപി), രഹത് ഖലീല്‍ (ഐഎന്‍സി), ചൗധരി രാജേന്ദ്ര സിങ് (ബിഎസ്പി), വിജേന്ദ്ര (ഐഎന്‍ഡി), യോഗേഷ് പ്രതാപ് സിംഗ് (എഎസ്പികെആര്‍), ജഹീര്‍ (ജെഎസ്എപി), ഉമൈര്‍ മദനി (എഐഎംഐഎം), പ്രവീണ്‍ കുമാര്‍ ധിമാന്‍ (എഎപി) എന്നിവരായിരുന്നു മല്‍സര രംഗത്തുണ്ടായിരുന്നത്.