വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി യുപി മാറി; 'ലൗ ജിഹാദ്' ഓര്‍ഡിനന്‍സിനെതിരേ 104 മുന്‍ ഐഎഎസ് ഓഫിസര്‍മാര്‍

Update: 2020-12-29 17:20 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സിനെതിരേ പ്രതിഷേധം ശക്തമാവുന്നു. വിദ്വേഷ-വിഭജന-വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി യുപി മാറിയെന്ന് 104 മുന്‍ ഐഎഎസ് ഓഫിസര്‍മാര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനയച്ച കത്തില്‍ വ്യക്തമാക്കി. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി കെ എ നായര്‍ തുടങ്ങിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പിട്ടത്. നിയമവിരുദ്ധമായ ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടുള്ള കത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയക്കാരും സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയെക്കുറിച്ച് സ്വയം ബോധവാന്‍മാരാവണമെന്നും അതിനെ ഉയര്‍ത്തിപ്പിടിക്കണമെന്നും ആവശ്യപ്പെട്ടു.        

  'ഒരു കാലത്ത് ഗംഗ-യമുന നാഗരികതയുടെ തൊട്ടിലായി അറിയപ്പെട്ടിരുന്ന യുപി ഇന്ന് വിദ്വേഷം, വിഭജനം, വര്‍ഗീയത തുടങ്ങിയ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി മാറി. ഭരണസ്ഥാപനങ്ങള്‍ ഇപ്പോള്‍ സാമുദായിക വിദ്വേഷത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഒരു സ്വതന്ത്ര രാജ്യത്തെ സ്വതന്ത്ര പൗരന്മാരായി ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതികേ നിങ്ങളുടെ ഭരണകൂടം അതിക്രൂരമായ അതിക്രമങ്ങളുടെ പരമ്പരയാണ് തീര്‍ക്കുന്നത്. ഈ മാസം ആദ്യം യുപിയിലെ മൊറാദാബാദില്‍ നിന്നുള്ള കേസ് ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി സംഭവങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ മതംമാറാനും വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് രണ്ടുപേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരപരാധികളായ ദമ്പതികളെ കഠിനമായി ഉപദ്രവിച്ചപ്പോള്‍ പോലിസ് നിശബ്ദരായി. ഗര്‍ഭിണിയായ ഭാര്യയുടെ ഗര്‍ഭം അലസാന്‍ വരെ ഇത് കാരണമായെന്ന് കത്തില്‍ പറയുന്നു.

    കഴിഞ്ഞ ആഴ്ച യുപിയിലെ ബിജ്‌നോറിലെ രണ്ട് കൗമാരക്കാരെ പതിയിരുന്ന് ഉപദ്രവിക്കുകയും പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ 'ലവ് ജിഹാദ്' കേസ് ഫയല്‍ ചെയ്തു. പതിനാറുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഒരു കൗമാരക്കാരന്‍ ഒരാഴ്ചയായി ജയിലില്‍ കിടത്തി. എന്നാല്‍ പെണ്‍കുട്ടിയും അമ്മയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ ഇത്തരം അതിക്രമങ്ങള്‍ തടസ്സമില്ലാതെ തുടരുകയാണ്. മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സ് പ്രത്യേകിച്ച്, മുസ് ലിം പുരുഷന്മാരെയും അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ ധൈര്യപ്പെടുന്ന സ്ത്രീകളെയും ഇരയാക്കാനുള്ള ഒരു വടിയായി ഉപയോഗിക്കുകയാണെന്നു കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആാഴ്ച അലഹബാദ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചു. ഒരു മിശ്രവിവാഹതിരായ ദമ്പതികളെ കുറിച്ചുള്ള കേസില്‍ സ്ത്രീ പ്രായപൂര്‍ത്തിയായ ആളാണെന്നും അവളുടെ ഇഷ്ടത്തിന് അനുസൃതമായി ജീവിക്കാനുള്ള അവകാശം അവള്‍ക്കുണ്ടെന്നും കോടതി അടിവരയിട്ടു. 'വ്യക്തിബന്ധത്തില്‍ ഇടപെടുന്നത് രണ്ട് വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനു മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും കഴിഞ്ഞ മാസം കോടതി മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

    ഒരാളുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് അലഹബാദ് ഹൈക്കോടതി ഉള്‍പ്പെടെയുള്ള വിവിധ ഹൈക്കോടതികള്‍ നിസ്സംശയമായും വിധിച്ചിട്ടുണ്ട്. എന്നാല്‍, ഉത്തര്‍പ്രദേശ് ഭരണഘടനയെ തന്നെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ഒപ്പിട്ടവര്‍ പറഞ്ഞു. നേരത്തേ, സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ ഉള്‍പ്പെടെ നാല് മുന്‍ ജഡ്ജിമാരും ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഇവരുടെ അഭിപ്രായം.

"UP Epicentre Of Politics Of Hate": 104 Ex-IAS Officers To Yogi Adityanath

Tags:    

Similar News