ബലാല്‍സംഗക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി; മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മായനന്ദിനെ കോടതി വെറുതെ വിട്ടു
ലഖ്‌നൗ: നിയമവിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പരാതിക്കാരി മൊഴിമാറ്റിയതിനെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന സ്വാമി ചിന്മായനന്ദിനെ കോടതി വെറുതെ വിട്ടു. ഇര കോടതിയില്‍ മൊഴി മാറ്റിയതോടെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലഖ്‌നൗവിലെ പ്രത്യേക കോടതി വെറുതെ വിട്ടത്. അതേസമയം, ചിന്മയാനന്ദില്‍ നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരാതിക്കാരിയെയും സുഹൃത്തുക്കളെയും കേടതി വെറുതെ വിട്ടു.
പ്രമാദമായ കേസില്‍ സുപ്രിം കോടതി ഇടപെടലുണ്ടായിട്ടും പരാതിക്കാരി ഭയം കാരണമാണ് പിന്‍മാറിയതെന്നാണു റിപോര്‍ട്ട്. ഷാജഹാന്‍പുരിലെ നിയമ കോളജിലെ വിദ്യാര്‍ഥിനിയാണ് ബിജെപി നേതാവും മുന്‍ എംപിയും മന്ത്രിയുമായിരുന്ന ചിന്മായനന്ദിനെതിരേ ബലാത്സംഗ പരാതി നല്‍കിയത്. ഇതിനു ശേഷം പെണ്‍കുട്ടിയെ കാണാതായതോടെ സംഭവം വന്‍ വാര്‍ത്താ പ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി പിന്നീട് കോടതിയില്‍ ഹാജരായി. ഇതിനെ നേരിടാന്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പെണ്‍കുട്ടിയും സുഹൃത്തുക്കളും ശ്രമിച്ചെന്ന് കാണിച്ച് ചിന്മായനന്ദും പരാതി നല്‍കി. ഇതോടെ പെണ്‍കുട്ടിയും യുവാവും അറസ്റ്റിലാവുകയും ചെയ്തു.
ചിന്‍മയാനന്ദ് നിര്‍ബന്ധിച്ച് ശരീരം മസാജ് ചെയ്യിക്കുന്നതും മറ്റുമുള്ള ഒളി കാമറ ദൃശ്യങ്ങളും പെണ്‍കുട്ടി പുറത്തുവിട്ടിരുന്നു. കണ്ണടയില്‍ ഒളിപ്പിച്ച കാമറയിലെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. ചിന്‍മയാനന്ദിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. എന്നാല്‍, വിവാദമാവുകയും ബിജെപി ചിന്‍മയാനന്ദിനെ പുറത്താക്കുകയും ചെയ്തിരുന്നു. വിചാരണയ്ക്കിടെയാണ് ചിന്മയാനന്ദിനെതിരെയുള്ള ബലാല്‍സംഗക്കേസില്‍ പരാതിക്കാരി പ്രത്യേക എംഎല്‍എഎംപി കോടതിയില്‍ മൊഴിമാറ്റിയത്. നേരത്തേ നല്‍കിയ മൊഴി നിഷേധിച്ച പെണ്‍കുട്ടി ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് പരാതി നല്‍കിയതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
UP: Former minister Chinmayanand acquitted in rape case