ചിന്മയാനന്ദ് കേസ്: പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു
ലഖ്നോ: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരേ പീഡന പരാതി നല്കിയ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനിരുന്ന കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് നേതാവ് ജിതിന് പ്രസാദ് അടക്കമുള്ള മൂന്ന് പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഷഹജന്പുരില്നിന്ന് ലഖ്നോവിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചത്. ചിന്മയാനന്ദിനെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്നു ക്രൂരമായാണ് പോലിസ് പെണ്‍കുട്ടിയോട് പെരുമാറിയതെന്നും ചെരിപ്പുകള്‍ പോലും ഇടാന്‍ സമ്മതിക്കാതെയാണ് പോലിസ് വിദ്യാര്‍ഥിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയതെന്നും വീട്ടുകാര്‍ ആരോപിച്ചു.
ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്ന തന്നെ ഒരുവര്‍ഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുട്ടിയുടെ പരാതി. എന്നാല്‍ ചിന്മയാനന്ദിനെതിരേ പോലിസ് നടപടി കൈക്കൊള്ളുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. അതേസമയം പണം തട്ടാന്‍ ശ്രമിച്ചെന്നുള്ള ചിന്മയാനന്ദിന്റെ സഹായികള്‍ നല്കിയ പരാതിയില്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ ആഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്.