സംഭല്‍ സംഘര്‍ഷത്തില്‍ മദ്‌റസ വിദ്യാര്‍ഥികളെ പ്രതിയാക്കാന്‍ നീക്കം ?
വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് പറയുന്ന കത്തുകള്‍ ലഭിച്ചെന്ന് പോലിസ്
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് പറയുന്ന ഊമക്കത്തുകള്‍ ലഭിച്ചതായി പോലിസ്. സംഭലിന് സമീപത്തെ രാംപൂര്‍, ഹാപൂര്‍, ബുലന്ദ് ഷഹര്‍ ജില്ലകളിലെ മദ്‌റസകളിലെ കുട്ടികള്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തു എന്ന് പറയുന്ന നിരവധി ഊമക്കത്തുകള്‍ ലഭിച്ചതായി സംഭല്‍ എസ്പി എസ്പി കൃഷ്ണ കുമാര്‍ ബിഷ്‌ണോയ് പറഞ്ഞു.
'' രാംപൂര്‍, ഹാപൂര്‍, ബുലന്ദ്ശഹര്‍ എന്നിവിടങ്ങളിലെ മദ്‌റസ വിദ്യാര്‍ഥികളെ സംഘര്‍ഷമുണ്ടായ ദിവസം സംഭലിലേക്ക് വിളിപ്പിച്ചുവെന്ന് പറയുന്ന കത്തുകള്‍ കിട്ടിയിട്ടുണ്ട്. കത്തുകളുടെ ആധികാരികത ഞങ്ങള്‍ പരിശോധിക്കുകയാണ്. ശാസ്ത്രീയമായ പരിശോധനകള്‍ നടത്തും. ആരോപണം സത്യമാണെന്നു കണ്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കും.'' എസ്പി പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വരുടെ പരാതിയില്‍ സിവില്‍ കോടതി നിര്‍ദേശ പ്രകാരം നടത്തിയ സര്‍വേയാണ് നവംബര്‍ 24ന് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയത്. ആറ് മുസ്‌ലിം യുവാക്കളെയാണ് അന്ന് പോലിസ് വെടിവച്ചു കൊന്നത്. സംഘര്‍ഷത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്നു സ്ത്രീകള്‍ അടക്കം 40 പേരെ അറസ്റ്റ് ചെയ്തതായി എസ്പി പറഞ്ഞു. അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് പറഞ്ഞ് 93 പേരുടെ പട്ടികയും തയ്യാറാക്കി. ഇവരെല്ലാം ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. ഇവരുടെ തലക്ക് വിലയിടുന്ന ഉത്തരവ് ഉടന്‍ പോലിസ് ഇറക്കും.
'' സംഘര്‍ഷത്തില്‍ പങ്കെടുത്ത ഒരാളെയും വെറുതെവിടില്ല. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഒളിവില്‍ പോയവരുടെ തലക്ക് വിലയിടും. പ്രതികളുടെ വീടുകളില്‍ റെയ്ഡുകള്‍ നടത്തുന്നുണ്ട്. സ്ത്രീകള്‍ മാത്രമേ വീടുകളിലുള്ളൂ.''-എസ്പി പറഞ്ഞു.കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന 400 പേരുടെ ചിത്രവും പോലിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പരിശോധന നടക്കുന്നുണ്ട്. തിരിച്ചറിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്പി പറഞ്ഞു.
സംഭല്‍ സംഘര്‍ഷത്തില്‍ ഇതുവരെ 12 കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഏഴെണ്ണം പോലിസ് നേരില്‍ രജിസ്റ്റര്‍ ചെയ്തതാണ്. നാലെണ്ണം പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. വസീമെന്നയാളെ 'തുര്‍ക്കി മംഗോളുകള്‍' വെടിവച്ചു എന്നു പറഞ്ഞ് നസീം എന്നയാള്‍ നല്‍കിയ പരാതിയിലും പോലിസ് കേസെടുത്തിട്ടുണ്ട്.
സംഘര്‍ഷത്തിന് ശേഷം പ്രദേശത്ത് ജില്ലാ ഭരണകൂടവും പോലിസും പലതരം പരിശോധനകള്‍ നടത്തുകയാണ്. പള്ളികളിലെ ലൗഡ് സ്പീക്കറുകളുടെ ശബ്ദം വരെ സ്ഥിരമായി പരിശോധിക്കുന്നുണ്ട്. കൂടാതെ വൈദ്യുതി മോഷണം ആരോപിച്ച് 1,250ല്‍ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭൂമി കൈയ്യേറ്റം ആരോപിച്ച് നിരവധി വീടുകള്‍ പൊളിക്കുകയും ചെയ്തു.