സ്ഥലംമാറ്റത്തിന് ഭാര്യയെ ഒരു രാത്രി കൂടെ വിടണമെന്ന് മേലുദ്യോഗസ്ഥന്‍; വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ തീകൊളുത്തി മരിച്ചു
ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുല്‍ പ്രസാദ് ഡീസല്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലം വൈദ്യുതിവകുപ്പിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ ഒരു രാത്രി കൂടെ അയക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത്.
ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുല്‍ പ്രസാദ് ഡീസല്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം.
സംഭവത്തില്‍ ജൂനിയര്‍ എഞ്ചിനീയര്‍ നാഗേന്ദ്ര കുമാറിനെയും ഒരു ക്ലര്‍ക്കിനെയും സസ്‌പെന്‍ഡ് ചെയ്യുകയും പോലിസ് കേസെടുക്കുകയും ചെയ്തു.
ഗോകുല്‍ പ്രസാദ് സ്വയം തീകൊളുത്തിയതിന് ശേഷം ഷൂട്ട് ചെയ്ത വീഡിയോയില്‍, ജൂനിയര്‍ എഞ്ചിനീയറും സഹായിയും തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പോലിസിനെ സമീപിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതി ഗോകുലിനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മറ്റൊരു വീഡിയോയില്‍ ഭാര്യ ആരോപിച്ചു.
'അദ്ദേഹം വിഷാദാവസ്ഥയിലായി, മരുന്ന് കഴിക്കാന്‍ തുടങ്ങി, പക്ഷേ അവര്‍ അദ്ദേഹത്തെ ഒഴിവാക്കിയില്ല. അലിഗഞ്ചിലേക്ക് മാറ്റി, യാത്രാക്ലേശം നേരിട്ടതോടെ വീട്ടിനടുത്തേക്ക് ഒരു ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടു.
'നിന്റെ ഭാര്യയെ തങ്ങളോടൊപ്പം കിടക്കാന്‍ അനുവദിച്ചാല്‍ തങ്ങള്‍ നിങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യും' എന്നായിരുന്നു അവര്‍ അദ്ദേഹത്തോട് പറഞ്ഞത്'- ഭാര്യ പറഞ്ഞു.