യൂട്യൂബ് വീഡിയോ കണ്ട് സ്വന്തം വയറ്റില്‍ അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്‍

മഥുര(ഉത്തര്‍പ്രദേശ്): യൂട്യൂബ് വീഡിയോ കണ്ട് സ്വന്തം വയറ്റില്‍ അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയ നടത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീറത്ത് സ്വദേശിയായ രാജാ ബാബു എന്ന 32 കാരനാണ് ചികില്‍സയിലുള്ളത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കാരണം അറിയാന്‍ ഇയാള്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടത്. സ്വയം ശസ്ത്രക്രിയ ചെയ്യാമെന്ന് പറയുന്ന വീഡിയോകളും കണ്ടു. ഈ വീഡിയോകളുടെ വിശദീകരണത്തില്‍ കാണിച്ച മരുന്നുകളും സര്‍ജിക്കല്‍ ബ്ലേഡുകളും തുന്നല്‍ ഇടാനുള്ള സൂചിയും വേദന അറിയാതിരിക്കാനുള്ള മരുന്നുകളുമെല്ലാം ഇയാള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും സംഘടിപ്പിച്ചു.
ബുധനാഴ്ച്ച രാവിലെയാണ് വീട്ടിലെ മുറിയില്‍ രാജാ ബാബു സ്വന്തം വയറ്റില്‍ ശസ്ത്രക്രിയ തുടങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വേദന ഇല്ലാതിരിക്കാനുള്ള മരുന്നുകളുടെ ഫലം അല്‍പ്പസമയത്തിന് അകം ഇല്ലാതായി. ഇതോടെ കരഞ്ഞു നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടിയ ഇയാളെ വീട്ടുകാര്‍ പിടികൂടി ആഗ്രയിലെ എസ്എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ അപ്പന്‍ഡിക്‌സും നീക്കം ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.