വിഎച്ച്പി പ്രവര്‍ത്തകന്റെ പരാതി; രാജ്യദ്രോഹക്കുറ്റംചുമത്തി മുസ്‌ലിം യുവാവ് അറസ്റ്റില്‍
സാലെപൂര്‍ വിപണിയില്‍ ടോര്‍ച്ചുകളുടെയും പ്ലാസ്റ്റിക് വസ്തുക്കളുടെയും ഒരു ചെറിയ കട നടത്തുന്ന അഹമ്മദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുപി മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയത്.
ഭുവനേശ്വര്‍: അജ്ഞാത ഭീഷണി കോള്‍ ലഭിച്ചെന്ന വിഎച്ച്പി പ്രവര്‍ത്തകന്റെ പരാതിയില്‍ ബിഹാറില്‍നിന്നുള്ള മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പോലിസ് രാജ്യദ്രോഹക്കുറ്റംചുമത്തി. കട്ടക്കിലെ സാലേപൂരിനടുത്തുള്ള കുസാമ്പി ഗ്രാമത്തിലെ 42കാരനായ സയ്യിദ് ഹസന്‍ അഹമ്മദിനേയാണ് ഉത്തര്‍പ്രദേശ് പോലിസിന്റെ സംഘം അറസ്റ്റ് ചെയ്ത് ട്രാന്‍സിറ്റ് റിമാന്‍ഡ് ചെയ്തത്.
അഹമ്മദിന്റേതാണെന്ന് തോന്നുന്ന ഒരു നമ്പറില്‍ നിന്ന് ഭീഷണികള്‍ ലഭിച്ചെന്ന പരാതിയിലാണ് പോലിസ് നടപടി. അറസ്റ്റിലായ അഹമ്മദിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 507, 153 എ, 124 എ (രാജ്യദ്രോഹം), 504 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ജൂലൈ 10ന് യുപിയിലെ ബാഗ്പത് ജില്ലയിലെ സിംഗാവലി അഹിര്‍ പോലിസ് സ്‌റ്റേഷനില്‍ വിഎച്ച്പി പ്രവര്‍ത്തകനായ കുല്‍ദീപ് പഞ്ചാല്‍ നല്‍കിയ പരാതിയിലാണ് ഐപിസി സെക്ഷന്‍ 507 പ്രകാരം കേസെടുത്തത്. അജ്ഞാത നമ്പറില്‍ നിന്ന് തനിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച് പഞ്ചാല്‍ പോലിസില്‍ നിന്ന് സുരക്ഷ തേടിയിരുന്നു. വിളിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സാലെപൂര്‍ വിപണിയില്‍ ടോര്‍ച്ചുകളുടെയും പ്ലാസ്റ്റിക് വസ്തുക്കളുടെയും ഒരു ചെറിയ കട നടത്തുന്ന അഹമ്മദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുപി മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയത്.
യുപിയിലെ ബാഗ്പത് ജില്ലയില്‍ നിന്നുള്ള രണ്ട് അംഗ പോലിസ് സംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെ അഹമ്മദിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കട്ടക്കിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് (സിജെഎം) മുമ്പാകെ ഹാജരാക്കുകയുമായിരുന്നു. എന്നാല്‍ പ്രതികളെ സാലെപൂരിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെഎംഎഫ്‌സി) കോടതിയില്‍ ഹാജരാക്കാന്‍ സിജെഎം പോലിസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി അഹമ്മദിനെ നാലു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
യുപി പോലിസിന്റെ 'വിശദമായ അന്വേഷണത്തെതുടര്‍ന്നാണ്' അഹമ്മദിനെതിരെ ഐപിസിയുടെ 153 എ, 124 എ, 504 എന്നീ വകുപ്പുകള്‍ ചുമത്തിയതെന്ന് സലേപൂര്‍ പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജര്‍ന പ്രധാന്‍ പറഞ്ഞു.
അതേസമയം, തന്റെ മകന്‍ നിരപരാധിയാണെന്ന് വിരമിച്ച സ്‌കൂള്‍ അധ്യാപകനായ അഹമ്മദിന്റെ പിതാവ് സയ്യിദ് റഹിദ് അഹ്മദ് പ്രതികരിച്ചു. അദ്ദേഹം ഒരിക്കലും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. തങ്ങളുടെ പ്രദേശത്ത് എന്റെ മകനെതിരെ ഒരു കേസും ഉണ്ടായിട്ടില്ല. ബാഗ്പത്തും സലേപൂറും തമ്മില്‍ എത്രമാത്രം ദൂരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതിശയകരമെന്നു പറയട്ടെ, ലോക്കല്‍ പോലീസ് ഇക്കാര്യം പരിശോധിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഹമ്മദിനെതിരായ കേസിന്റെ വിശദാംശങ്ങള്‍ തന്റെ പക്കലില്ലെന്ന് കട്ടക്ക് പോലിസ് സൂപ്രണ്ട് (ഗ്രാമീണ) ബി. ജുഗല്‍ കിഷോര്‍ പറഞ്ഞു.