വികാസ് ദുബെയുടെ വീട്ടില്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്തു
എട്ട് പോലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ 21 പ്രതികളാണ് ഉള്ളത്. ഇതില്‍ വികാസ് ദുബെ അടക്കമുള്ള ആറ് പേര്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് വികാസ് ദുബെയുടെ വീട്ടില്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്തെന്ന് പോലിസ്. ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം കൊലപ്പെടുത്തിയ എട്ട് പോലിസുകാരില്‍ നിന്ന് നഷ്ടപ്പെട്ട തോക്കുകളാണ് കണ്ടെത്തിയതെന്നാണ് വിശദീകരണം.
എട്ട് പോലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ 21 പ്രതികളാണ് ഉള്ളത്. ഇതില്‍ വികാസ് ദുബെ അടക്കമുള്ള ആറ് പേര്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വികാസ് ദുബെയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തോക്കുകള്‍ പോലിസുകാരുടേതാണെന്ന് ഉത്തര്‍പ്രദേശ് പോലിസ് എഡിജിപി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ 10നാണ് എട്ട് പോലിസുകാരെ വെടിവച്ച് കൊന്ന കേസിലെ മുഖ്യപ്രതിയായ വികാസ് ദുബെ കൊല്ലപ്പെട്ടത്. പോലിസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോവുകയായിരുന്നു പോലിസ്. യാത്രക്കിടെ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും, മറിഞ്ഞ വാഹനത്തില്‍ നിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് വെടിവച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പോലിസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പോലിസുകാരായിരുന്നു കൊല്ലപ്പെട്ടത്.