ഹാഥ്‌റസ് സംഭവത്തിനെതിരേ പ്രതിഷേധം; വനിതാ ആക്റ്റീവിസ്റ്റുകള്‍ക്ക് യുപി പോലിസ് നോട്ടീസ്
കഴിഞ്ഞ ഒരു മാസത്തിനിടെ മൊഴിയെടുക്കാന്‍ പോലിസ് വനിതാ പ്രവര്‍ത്തകരുടെ വീടുകളിലെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തതായി ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നു.
ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ സവര്‍ണ ജാതിക്കാരായ യുവാക്കളുടെ കൊടുംക്രൂരതയ്ക്കിരയായി 19 കാരി ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി വനിതാ ആക്റ്റീവിസ്റ്റുകള്‍ക്ക് ഉത്തര്‍പ്രദേശ് പോലിസ് നോട്ടീസ് അയച്ചു.കഴിഞ്ഞ ഒരു മാസത്തിനിടെ മൊഴിയെടുക്കാന്‍ പോലിസ് വനിതാ പ്രവര്‍ത്തകരുടെ വീടുകളിലെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തതായി ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും ഈ വനിതാ പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് ഹാഥ്‌റസ് സംഭവത്തിനെതിരേ ലഖ്‌നൗവിലെ '1090 ക്രോമിംഗ് ഓഫ് ഗോംതി നഗറില്‍' പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇവരുടെ നീക്കം പോലിസ് പരാജയപ്പെടുത്തി. ഉസ്മ പര്‍വീന്‍, സുമയ്യ റാണ, മധു ഗാര്‍ഗ്, മീന സിംഗ് തുടങ്ങിയവര്‍ ഈ പ്രത്യേക പ്രതിഷേധവുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചവരില്‍ ചിലരാണ്. 1897ലെ പകര്‍ച്ചവ്യാധി നിയമം, 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 56, 188, 145, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2020 സപ്തംബറിലാണ് ഹാഥ്‌റസില്‍ ദലിത് യുവതി കൂട്ടബലാല്‍സംഗത്തിനും ക്രൂരപീഡനങ്ങള്‍ക്കുമിരയായത്.