ഇന്ത്യയ്ക്ക് 100 ദശലക്ഷം ഡോളറിന്റെ അടിയന്തര വൈദ്യസഹായം; അമേരിക്കയില്‍നിന്ന് ആദ്യവിമാനം പുറപ്പെട്ടു
അടിയന്തര സഹായമായി 1,700 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 1,100 സിലിണ്ടറുകള്‍, 20 രോഗികളെ വരെ സഹായിക്കാന്‍ സൗകര്യപ്രദമായ വലിയ ഓക്‌സിജന്‍ ജനറേഷന്‍ യൂനിറ്റുകള്‍, 440 ഓക്‌സിജന്‍ സിലിണ്ടറുകളും റെഗുലേറ്ററുകളും എന്നിവ എത്തിച്ച് നല്‍കും.
വാഷിങ്ടണ്‍: കൊവിഡിന്റെ രണ്ടാം തരംഗം പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് 100 ദശലക്ഷം ഡോളറിന്റെ അടിയന്തര വൈദ്യസഹായവുമായി അമേരിക്ക രംഗത്ത്. അടിയന്തര വൈദ്യസഹായം ഇന്ന് മുതല്‍ ഇന്ത്യയിലെത്തിത്തുടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയിലെ ട്രാവിസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്ന് ലോകത്തിലെ ഏറ്റവും വലിയ സൈനിക വിമാനം ബുധനാഴ്ച രാത്രി പറന്നുയര്‍ന്നതായി യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അടിയന്തര സഹായമായി 1,700 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 1,100 സിലിണ്ടറുകള്‍, 20 രോഗികളെ വരെ സഹായിക്കാന്‍ സൗകര്യപ്രദമായ വലിയ ഓക്‌സിജന്‍ ജനറേഷന്‍ യൂനിറ്റുകള്‍, 440 ഓക്‌സിജന്‍ സിലിണ്ടറുകളും റെഗുലേറ്ററുകളും എന്നിവ എത്തിച്ച് നല്‍കും. ഇതിനൊപ്പം 15 മില്യന്‍ എന്‍ 95 മാസ്‌കുകളും പത്ത് ലക്ഷം ദ്രുതപരിശോധനാ കിറ്റുകളും നല്‍കുമെന്നും ബൈഡന്‍ ഭരണകൂടം പുറപ്പെടുവിച്ച ഫാക്റ്റ്ഷീറ്റില്‍ പറയുന്നു. കാലഫോര്‍ണിയ സംസ്ഥാനം ഇന്ത്യയെ സഹായിക്കാന്‍ ഉദാരമായി സംഭാവന ചെയ്തതായി യുഎസ് ഐഐഡി പറഞ്ഞു.
അസ്ട്രാസെനെക്ക ഉല്‍പാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കളുടെ യുഎസ് ഓര്‍ഡറും ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു. ഇത് ഉപയോഗിച്ച് 20 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ നിര്‍മിക്കാന്‍ സാധിക്കും. കൊവിഡ് ചികില്‍സയ്ക്ക് അനുമതി ലഭിച്ചിട്ടുള്ള ആന്റി വൈറല്‍ മരുന്ന് റെംഡെസിവറിന്റെ 20,000 ചികില്‍സാ കോഴ്‌സുകളുടെ ആദ്യഘട്ടവും നല്‍കുമെന്നും ഫാക്റ്റ്ഷീറ്റില്‍ പറയുന്നു. യുഎസ് സര്‍ക്കാരിന്റെ സഹായ വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ ഇന്ത്യയില്‍ വന്നിറങ്ങും. അടുത്തയാഴ്ച വരെ ഇത് തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
യുഎസ് സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യകമ്പനികളും സര്‍ക്കാരിതര സംഘടനകളും ആയിരക്കണക്കിന് അമേരിക്കക്കാരും ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവശ്യസാധനങ്ങളും ഇന്ത്യന്‍ ആശുപത്രികളിലെത്തിക്കുന്നതിനായി അണിനിരന്നതായി വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടുന്നു. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രാദേശികമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങുകയും അവ ഇന്ത്യന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ച് ആശുപത്രി സംവിധാനങ്ങളെ സഹായിക്കുകയും ചെയ്യും. കൊവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്.
മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യുഎസ്സും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ബൈഡന്‍ ഭരണകൂടം അറിയിച്ചു.അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.
ലബോറട്ടറി, നിരീക്ഷണം, എപ്പിഡെമിയോളജി, ജീനോമിക് സീക്വന്‍സിങ്ങിനും മോഡലിങ്ങിനുമുള്ള ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, അണുബാധ തടയല്‍, നിയന്ത്രണം, വാക്‌സിന്‍ റോള്‍ ഔട്ട്, റിസ്‌ക് കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലെ വിദഗ്ധരുമായി സിഡിസി വിദഗ്ധര്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ആയിരത്തിലധികം ഇന്ത്യന്‍ ആരോഗ്യപരിരക്ഷാ സൗകര്യങ്ങളുമായി യുഎസ് പങ്കാളികളായിട്ടുണ്ട്. അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി 14,000 ഓളം പേര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി.