കൊവിഡ് തീവ്രവ്യാപനം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക
വാഷിങ്ടണ്‍: കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്കന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 'പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് പോലും കൊവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകസാധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും പൗരന്‍മാര്‍ ഒഴിവാക്കണം'- യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോണ്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. ഇന്ത്യയിലേക്ക് പോവുന്നതിന് നിര്‍ബന്ധിതമായ സാഹചര്യമുള്ളവര്‍ യാത്രയ്ക്ക് മുമ്പ് പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തണം.
കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലോകമെമ്പാടുമുള്ള 80 ശതമാനം രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്നാവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മിക്ക അമേരിക്കക്കാര്‍ക്കും ഇതിനകം യൂറോപ്പിലേക്ക് പോവുന്നത് നിരോധനമുണ്ട്.
യൂറോപ്പ്, ചൈന, ബ്രസീല്‍, ഇറാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ അടുത്തിടെ ഉണ്ടായിരുന്ന എല്ലാ യുഎസ് ഇതര പൗരന്‍മാരെയും വാഷിങ്ടണ്‍ വിലക്കിയിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു ബ്രിട്ടന്റെ നടപടി.