മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിക്കാനുളള നീക്കങ്ങള്‍ക്ക് തിരിച്ചടി; ചരക്കുവിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ച് ചൈനീസ് എയര്‍ലൈന്‍സ്
സിചുവാന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായ സിചുവാന്‍ ചുവാന്‍ഹാങ് ലോജിസ്റ്റിക് ലിമിറ്റഡ് തിങ്കളാഴ്ച സെയില്‍സ് ഏജന്റുമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. സിയാനില്‍നിന്നും ഡല്‍ഹിയിലേക്കടക്കമുള്ള ആറ് റൂട്ടുകളില്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കത്തില്‍ പറയുന്നു.
ബെയ്ജിങ്: ചൈനയില്‍നിന്നുള്ള സിചുവാന്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള എല്ലാ കാര്‍ഗോ വിമാന സര്‍വീസുകളും 15 ദിവസത്തേക്ക് നിര്‍ത്തിവച്ചു. കൊവിഡ് പ്രതിരോധത്തിന് ചൈന ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത നടപടി. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റു മെഡിക്കല്‍ സപ്ലൈകളും ചൈനയില്‍നിന്നും വാങ്ങാനുളള ഇരുവശത്തുമുളള സ്വകാര്യവ്യാപാരികളുടെ ശ്രമങ്ങള്‍ക്ക് ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.
സിചുവാന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായ സിചുവാന്‍ ചുവാന്‍ഹാങ് ലോജിസ്റ്റിക് ലിമിറ്റഡ് തിങ്കളാഴ്ച സെയില്‍സ് ഏജന്റുമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. സിയാനില്‍നിന്നും ഡല്‍ഹിയിലേക്കടക്കമുള്ള ആറ് റൂട്ടുകളില്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കത്തില്‍ പറയുന്നു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പുറത്തുനിന്നും രാജ്യത്തേക്ക് കൂടുതല്‍ കൊവിഡ് കേസുകളുണ്ടാവാതിരിക്കാനാണ് 15 ദിവസത്തേക്ക് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
സിചുവാന്‍ എയര്‍ലൈന്‍സിന്റെ പ്രധാനപ്പെട്ട റൂട്ടുകളാണ് ഇന്ത്യയിലേക്കുള്ളത്. വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കാനുളള തീരുമാനം കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കി. മാറ്റമില്ലാതെ തുടരുന്ന ഈ സാഹചര്യത്തില്‍, തങ്ങള്‍ ഖേദിക്കുന്നതായും ഏജന്റുമാര്‍ സാഹചര്യം മനസ്സിലാക്കണമെന്നും കത്തില്‍ പറയുന്നു. 15 ദിവസങ്ങള്‍ക്കുശേഷം കമ്പനി സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വില ചൈനീസ് നിര്‍മാതാക്കള്‍ 35 മുതല്‍ 40 ശതമാനം വരെ ഉയര്‍ത്തിയതായും പരാതികളുണ്ട്.
ചരക്കുകൂലി 20 ശതമാനത്തോളം ഉയര്‍ത്തിയതായി ചരക്ക് കൈമാറല്‍ കമ്പനിയായ സിനോ ഗ്ലോബല്‍ ലോജിസ്റ്റിക്‌സിന്റെ പ്രതിനിധി സിദ്ധാര്‍ഥ് സിന്‍ഹ പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ വൈറസ് സാഹചര്യം കാരണം വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ആശ്ചര്യകരമാണ്. കാരണം ഇന്ത്യയിലെത്തിയാല്‍ വിമാന ജീവനക്കാര്‍ മാറുന്നില്ലെന്നും അതേ ക്രൂ വിമാനം തന്നെയാണ് തിരികെ പറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.