ഡോ. ബദര്‍ ഖാന്‍ സൂരിയെ നാടുകടത്താനുള്ള നീക്കം യുഎസ് കോടതി സ്‌റ്റേ ചെയ്തു

Update: 2025-03-21 02:27 GMT
ഡോ. ബദര്‍ ഖാന്‍ സൂരിയെ നാടുകടത്താനുള്ള നീക്കം യുഎസ് കോടതി സ്‌റ്റേ ചെയ്തു

വിര്‍ജീനിയ(യുഎസ്):ഫലസ്തീനികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ഡോ. ബദര്‍ ഖാന്‍ സൂരിയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള യുഎസ് സര്‍ക്കാര്‍ തീരുമാനം കോടതി സ്‌റ്റേ ചെയ്തു. മറിച്ചൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ബദര്‍ ഖാന്‍ സൂരി യുഎസില്‍ തുടരണമെന്ന് വിര്‍ജീനിയ ജില്ലാ കോടതി ജഡ്ജി പാട്രീഷ്യ ടൊളിവര്‍ ഗില്‍സിന്റെ ഉത്തരവ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് മുഖംമൂടിയിട്ട പ്രത്യേക സര്‍ക്കാര്‍ സംഘം ഡോ. സൂരിയെ കസ്റ്റഡിയില്‍ എടുത്തത്. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയ ബദര്‍ ഖാന്‍ സൂരിക്ക് ഹമാസ് ബന്ധമുണ്ടെന്നാണ് യുഎസ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ഈ തടങ്കല്‍ നടപടിയും നാടുകടത്തല്‍ പദ്ധതിയും ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നാടുകടത്തല്‍ തടയണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും (എസിഎല്‍യു) ഹരജി നല്‍കിയിരുന്നു. ലൂയിസിയാനയിലെ തടങ്കല്‍ കേന്ദ്രത്തില്‍ സൂരിയെ അടച്ചിരിക്കുകയാണെന്നും എസിഎല്‍യു ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് പൗരയും ഫലസ്തീനിലെ ഗസ സ്വദേശിനിയുമായ ഭാര്യ മാഫിസ് സലെയും ഹരജി നല്‍കിയിട്ടുണ്ട്. ഡോ. ഖാന്‍ ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അറിയില്ലെന്ന് സര്‍വകലാശാലയും അറിയിച്ചു.

അതേസമയം, ഹ്യൂസ്റ്റണില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയ ഫ്രഞ്ച് ബഹിരാകാശ ശാസ്ത്രജ്ഞനെ പുറത്താക്കിയ യുഎസ് സര്‍ക്കാര്‍ നടപടിയെ ഫ്രാന്‍സ് അപലപിച്ചു. ശാസ്ത്രജ്ഞന്റെ ഫോണ്‍ ബലമായി പരിശോധിച്ച ശേഷമാണ് പുറത്താക്കിയത്. യുഎസ് നയങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകളും ഫോണില്‍ കണ്ടുവെന്നതാണ് ന്യായം.


Similar News