ടാങ്കറുകള്‍ ആക്രമിച്ചത് ഇറാനെന്ന്; അമേരിക്ക വീഡിയോ പുറത്തുവിട്ടു

പ്രാദേശിക സമയം പുലര്‍ച്ചെ 4.10ന് ഐആര്‍ജിസിയുടെ ഗഷ്തി ക്ലാസ് പട്രോള്‍ ബോട്ട് കോകുക കറേജ്യസ് കപ്പലിന് സമീപത്തെത്തുകയും പൊട്ടാത്ത ലിംപെറ്റ് മൈനുകള്‍ കപ്പില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു- യുഎസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് നേവി കാപ്റ്റന്‍ ബില്‍ അര്‍ബന്‍ അവകാശപ്പെട്ടു.

Update: 2019-06-14 09:51 GMT

വാഷിങ്ടണ്‍: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ കപ്പലുകള്‍ക്കു നേരേ ആക്രമണം നടത്തിയത് ഇറാനാണെന്ന് ആരോപണത്തെ സാധൂകരിക്കാന്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍(ഐആര്‍ജിസി) കപ്പലുകളിലൊന്നില്‍ നിന്ന് പൊട്ടാത്ത മൈന്‍ നീക്കം ചെയ്യുന്നതെന്നവകാശപ്പെടുന്ന വീഡിയോ അമേരിക്ക പുറത്തുവിട്ടു.

പ്രാദേശിക സമയം പുലര്‍ച്ചെ 4.10ന് ഐആര്‍ജിസിയുടെ ഗഷ്തി ക്ലാസ് പട്രോള്‍ ബോട്ട് കോകുക കറേജ്യസ് കപ്പലിന് സമീപത്തെത്തുകയും പൊട്ടാത്ത ലിംപെറ്റ് മൈനുകള്‍ കപ്പില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു- യുഎസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് നേവി കാപ്റ്റന്‍ ബില്‍ അര്‍ബന്‍ അവകാശപ്പെട്ടു. എന്നാല്‍, സ്‌ഫോടനം നടക്കും മുമ്പ് ആകാശത്ത് കൂടി എന്തോ പറക്കുന്നത് കണ്ടതായി ജാപ്പനീസ് കപ്പല്‍ ഉടമ പറഞ്ഞു.

വീഡിയോക്ക് പുറമേ ആക്രമണം നടന്നതിന് ശേഷമുള്ള സംഭവ വികാസങ്ങള്‍ വിശദമാക്കുന്ന ചിത്രങ്ങളും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ടാങ്കറുകളില്‍ നിന്ന് സഹായ അഭ്യര്‍ഥന വന്ന് 10 മണിക്കൂറിന് ശേഷവും അമേരിക്കന്‍ നേവിയുടെ കപ്പല്‍ ജാപ്പനീസ് ടാങ്കറില്‍ നിന്ന് 21 പേരെ രക്ഷപ്പെടുത്തി അഞ്ച് മണിക്കൂറിന് ശേഷവും ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.



അതേ സമയം, അമേരിക്കയുടെ ആരോപണം ഇറാന്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ചുമതല തങ്ങള്‍ക്കാണ്. ആക്രമിക്കപ്പെട്ട ടാങ്കറുകളില്‍ നിന്ന് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ജീവനക്കാരെ രക്ഷിച്ചത് തങ്ങളാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ ആരോപണം ഭീതിജനകമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൂസവി പറഞ്ഞു.

വ്യാഴാഴ്ച്ച ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് കപ്പലുകള്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങള്‍ പലതും പരസ്പര വിരുദ്ധമാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള ഉരസല്‍ ശക്തി പ്രാപിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം. ലോകത്തെ എണ്ണക്കടത്തു റൂട്ടുകളില്‍ പ്രധാനപ്പെട്ട ഹോര്‍മുസ് കടലിടുക്കില്‍ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. അപകടത്തില്‍പ്പെട്ട കപ്പലുകളിലെ ജീവനക്കാരെ രക്ഷിച്ചത് തങ്ങളാണെന്ന് ഇറാനും യുഎസ് സൈനിക കപ്പലുകളാണെന്ന് അമേരിക്കയും അവകാശപ്പെടുന്നു.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹു, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, അബൂദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് എന്നിവരുള്‍പ്പെട്ട ബി ടീം ഇറാനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് പറഞ്ഞു.  

Tags:    

Similar News