എസ്400 മിസൈല്‍: തുര്‍ക്കിക്കെതിരേ ഉപരോധം ചുമത്തി യുഎസ്
മെഡിറ്ററേനിയനിലെ പ്രകൃതി വാതക പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ഗ്രീസുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് നാറ്റോയുടെ ഭാഗമായ തുര്‍ക്കിക്കെതിരേ യുഎസ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
വാഷിങ്ടണ്‍: റഷ്യന്‍ നിര്‍മിത എസ് 400 മിസൈലുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് തുര്‍ക്കിക്കെതിരേ ഉപരോധം ചുമത്തി യുഎസ്. മെഡിറ്ററേനിയനിലെ പ്രകൃതി വാതക പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ഗ്രീസുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് നാറ്റോയുടെ ഭാഗമായ തുര്‍ക്കിക്കെതിരേ യുഎസ് ഉപരോധമേര്‍പ്പെടുത്തിയത്.
തുര്‍ക്കിയുടെ തുര്‍ക്കിയുടെ പ്രസിഡന്‍സി ഓഫ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസ്, അതിന്റെ മേധാവി ഇസ്മായില്‍ ദെമിര്‍, സൈനിക സംഭരണ ഏജന്‍സി, മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയാണ് ഉപരോധമേര്‍പ്പെടുത്തിയത്.
ഉപരോധത്തിന്റെ ഭാഗമായി ഇവരുടെ ഉടമസ്ഥതയിലുള്ള യുഎസിലെ ആസ്തികള്‍ മരവിപ്പിക്കുകയും രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. കൂടാതെ, പ്രതിരോധ കയറ്റുമതി ലൈസന്‍സുകള്‍, വായ്പകള്‍, ക്രെഡിറ്റുകള്‍ എന്നിവയും നിരോധിക്കും.എസ് 400 സംവിധാനം വാങ്ങുന്നത് യുഎസ് സൈനിക സാങ്കേതികവിദ്യയുടെയും ഉദ്യോഗസ്ഥരുടെയും
സുരക്ഷയെ അപകടത്തിലാക്കുമെന്നും റഷ്യയുടെ പ്രതിരോധ മേഖലയ്ക്ക് ഗണ്യമായ ഫണ്ട് നല്‍കുമെന്നും തുര്‍ക്കി സായുധ സേനയിലേക്കും പ്രതിരോധ വ്യവസായത്തിലേക്കും റഷ്യയ്ക്കു പ്രവേശനം സാധ്യമാകുമെന്നുമാണ് യുഎസ് ആരോപണം. 'പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബദല്‍ സംവിധാനങ്ങള്‍ ലഭ്യമായിരുന്നിട്ടും, എസ് 400 മിസൈല്‍ സംഭരണവും പരീക്ഷണവുമായി തുര്‍ക്കി മുന്നോട്ട് പോവുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
അതേസമയം, എസ് 400 പ്രതിരോധ സംവിധാനം നാറ്റോയുടെ സുരക്ഷയെ തടസ്സപ്പെടുത്താമെന്ന വാദം തുര്‍ക്കി തള്ളിക്കളയുകയാണ്. എസ് 400 മിസൈല്‍ സംവിധാനത്തിന്റെ പഴയ പതിപ്പായ എസ് 300 വ്യോമ പ്രതിരോധ സംവിധാനം നാറ്റോ സഖ്യകക്ഷിയായ ഗ്രീസ് പോലുള്ള രാജ്യങ്ങള്‍ക്ക് ഉണ്ടെന്നും തുര്‍ക്കി ചൂണ്ടിക്കാട്ടുന്നു.
യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനമായ പാട്രിയോട്ട് എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തുര്‍ക്കി റഷ്യയില്‍നിന്ന് വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയത്.