യമനു നേരെ യുഎസ്-ബ്രിട്ടന്‍ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഹൂതികള്‍

Update: 2024-01-12 05:19 GMT

സന്‍ആ: ഗസയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണത്തിന്റെ പേരില്‍ യമനു നേരെ യുഎസ്-ബ്രിട്ടന്‍ വ്യോമാക്രമണം. യമനിലെ ഹുദൈദ, സന്‍ആ തുടങ്ങി പത്തിടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ചെങ്കടലിലെ ആക്രമണങ്ങള്‍ക്ക് ഹൂതികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ആക്രമമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. എന്നാല്‍, ഇതിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നും യുഎസിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹുതികള്‍ മുന്നറിയിപ്പ് നല്‍കി. ഗസയില്‍ മൂന്നുമാസത്തോളമായി ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനു പുറമെ, ലെബനാന്‍, സിറിയ, ഇറാന്‍ എന്നിവയ്ക്കു നേരെയും ഇപ്പോള്‍ യമനു നേരെയും ആക്രമണമുണ്ടായതോടെ പശ്ചിമേഷ്യയാകെ യുദ്ധഭീതിയിലായി. അതേ സമയം, യമന്‍ ആക്രമണണം യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും അടിയന്തരമായി ഇന്നുതന്നെ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് റഷ്യ രംഗത്തെത്തി. ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി അപലപിച്ചതിനു പിന്നാലെയാണ് യുഎസ്-ബ്രിട്ടന്‍ സംയുക്ത ആക്രമണം. യുഎന്‍ അപലപനത്തെ സൈനിക നടപടിക്കുള്ള നയതന്ത്ര പിന്തുണയായാണ് ഇരുരാജ്യങ്ങളും കരുതുന്നത്.

    അതേസമയം, ആക്രമണത്തിന്റെ എല്ലാ ഭയാനകമായ പ്രത്യാഘാതങ്ങളും നേരിടാന്‍ തയ്യാറാവാന്‍ ഹൂതി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹുസയ്ന്‍ അല്‍എസ്സി മുന്നറിയിപ്പ് നല്‍കി. യമനില്‍ ആക്രമണം നടത്തിയ യുഎസിനും യുകെയ്ക്കുമെതിരേ ശക്തമായ തിരിച്ചടി നല്‍കും. അമേരിക്കന്‍ ബ്രിട്ടീഷ് കപ്പലുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുടെ വന്‍ ആക്രമണമാണ് രാജ്യത്തുണ്ടായത്. ഇതിന് അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും പറഞ്ഞു.

Tags:    

Similar News