ചൈനീസ് ഭീഷണി മറികടന്ന് തായ്‌വാന്‍ കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍

Update: 2022-08-28 07:37 GMT

തായ്‌പെയ് സിറ്റി: ചൈനീസ് ഭീഷണി മറികടന്ന് തായ്‌വാന്‍ കടലിടുക്കില്‍ അമേരിക്കയുടെ യുദ്ധക്കപ്പല്‍ പ്രവേശിച്ചു. രണ്ട് യുഎസ് യുദ്ധക്കപ്പലുകളാണ് തായ്‌വാന്‍ അന്താരാഷ്ട്ര സമുദ്രത്തിലെ കടലിടുക്കിലൂടെ കടന്നുപോവുന്നതെന്ന് യുഎസ് നാവികസേന അറിയിച്ചു. ഈ മാസം ആദ്യം യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതിന് ശേഷം ഇത്തരമൊരു ഓപറേഷന്‍ നടക്കുന്നത് ആദ്യമാണ്.

ചാന്‍സലര്‍സ്‌വില്ലെ, ആന്റിറ്റ തുടങ്ങിയ ഗൈഡഡ് മിസൈല്‍ ക്രൂയിസറുകളാണ് തായ്‌വാന്‍ കടലിടുക്കിലെത്തിയത്. മേഖലയില്‍ ചൈന സൈനികാഭ്യാസം തുടരുന്നതിനിടെയാണ് യുദ്ധക്കപ്പലുകളെത്തിയത്. ഇന്തോ- പസഫിക് മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് യുഎസ് അറിയിച്ചു. യുഎസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രകോപനപരമാണെന്നും തായ്‌വാന്‍ ദ്വീപ് ചൈനീസ് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണെന്നും ചൈന പ്രതികരിച്ചു. സമീപവര്‍ഷങ്ങളില്‍ യുഎസ് യുദ്ധക്കപ്പലുകളും ചിലപ്പോഴൊക്കെ ബ്രിട്ടന്‍, കാനഡ തുടങ്ങിയ സഖ്യരാജ്യങ്ങളില്‍ നിന്നുള്ളവരും കടലിടുക്കിലൂടെ സഞ്ചരിക്കാറുണ്ട്.

ആഗസ്ത് ആദ്യം പെലോസിയുടെ തായ്‌വാന്‍ യാത്ര ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള യുഎസിന്റെ ശ്രമത്െത ചോദ്യം ചെയ്യുകയും ദ്വീപിന് സമീപം പിന്നീട് ചൈന സൈനികാഭ്യാസം ആരംഭിക്കുകയും ചെയ്തു. കപ്പലുകളെ പിന്തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്ന് ചൈനീസ് സൈന്യത്തിന്റെ ഈസ്‌റ്റേണ് തിയറ്റര്‍ കമാന്‍ഡന്റ് അറിയിച്ചു. തിയറ്ററിലെ സൈനികര്‍ അതീവ ജാഗ്രതയിലാണ്, ഏത് സമയത്തും ഏത് പ്രകോപനവും തടയാന്‍ തയ്യാറാണ്- പ്രസ്താവനയില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു. കപ്പലുകള്‍ തെക്ക് ദിശയിലാണ് സഞ്ചരിക്കുന്നതെന്നും സൈന്യം നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതി സാധാരണ നിലയിലാണെന്നും തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News