പോസ്റ്ററിലെ 'ഹിന്ദുത്വ' പ്രയോഗം; തൃശൂരില്‍ പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു, പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചു

Update: 2021-12-26 06:10 GMT

തൃശൂര്‍: ആര്‍എസ്എസ്സിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുക എന്നത് കേരള പോലിസിന്റെ സ്ഥിരം നയമായി മാറുന്നതായി വിമര്‍ശനം. 'ഹിന്ദുത്വ' എന്ന പ്രയോഗത്തിന്റെ പേരില്‍ ഇന്നലെ പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ധീഖുല്‍ അക്ബറിനെ തൃശൂര്‍ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്യുകയും മത സ്പര്‍ദ്ധ ഉണ്ടാക്കി എന്ന് പറഞ്ഞ് 153 എ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും പോലീസ്‌റ്റേഷന്‍ മാര്‍ച്ചും നടന്നതോടെ ജാമ്യമില്ലാ വകുപ്പായ 153 എ കേസ് പിന്‍വലിച്ച് 153 വകുപ്പ് പ്രകാരം കേസെടുക്കുകയും ഇന്നലെത്തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി നാളെ വൈകീട്ട് നാലിന് തൃശൂരില്‍ സംഘടിപ്പിക്കുന്ന റാലിയുടേയും പൊതുസമ്മേളനത്തിന്റേയും പോസ്റ്ററിലാണ് 'ഹിന്ദുത്വ ഭീകരര്‍' എന്ന പ്രയോഗമുള്ളത്.


'ആര്‍എസ്എസ് ഭീകരര്‍ മുസ് ലിം വംശഹത്യക്കൊരുങ്ങുന്നു, കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ഹിന്ദുത്വ ഭീകരതയെ കരുതിയിരിക്കുക' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പോപുലര്‍ ഫ്രണ്ട് പൊതുസമ്മേളനം. ഇതില്‍ 'ഹിന്ദുത്വ' എന്ന പ്രയോഗമാണ് പോലിസ് കേസെടുക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ആര്‍എസ്എസ്സിനേയും സംഘപരിവാര രാഷ്ട്രീയത്തേയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് 'ഹിന്ദുത്വ' എന്നത്. 'ഹിന്ദുത്വ' എന്നത് ഒരു മതവിഭാഗത്തിന് എതിരേയുള്ളതല്ലെന്നും സംഘപരിവാര്‍ ഫാഷിസത്തെ വിശേഷിപ്പിക്കാനുള്ളതുമാണെന്നും സാധാരണക്കാര്‍ക്ക് പോലും വ്യക്തമായി അറിയാം. സംഘപരിവാറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങളും 'ഹിന്ദുത്വ' എന്ന വാക്ക് തന്നേയാണ് ഉപയോഗിക്കാറുള്ളത്. ഇതൊന്നും പരിഗണിക്കാതേയാണ് പോലിസ് പോപുലര്‍ ഫ്രണ്ട് നേതാവിനെതിരേ കേസെടുത്തത്.

ആര്‍എസ്എസ്സിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നത് കേരളത്തില്‍ പതിവായിരിക്കുകയാണ്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കാംപസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ കഴിഞ്ഞ ദിവസം പോലിസ് കേസെടുത്തിരുന്നു. പ്രകോപനവും കലാപവും ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫക്കെതിരെ കൂത്തുപറമ്പ് പോലിസ് കേസെടുത്തത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ വെച്ച് വല്‍സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് മുഹമ്മദ് രിഫ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഈ പ്രസംഗം ഷാനെ കൊലപ്പെടുത്തുന്നതിന് പ്രേരണ നല്‍കുന്നതാണെന്നും ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് രിഫ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍, പ്രകോപനപരമായ പ്രസംഗം നടത്തിയ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരേ കേസെടുക്കാന്‍ തയ്യാറാവാത്ത പോലിസ് കാംപസ് ഫ്രണ്ട് നേതാവിനെതിരേ കേസെടുക്കുകയായിരുന്നു.

Tags:    

Similar News