യുപി: വൈദ്യുതിയില്ല; മൊബൈല്‍ വെളിച്ചത്തില്‍ ഡോക്ടര്‍മാരുടെ ചികില്‍സ

Update: 2019-07-07 10:36 GMT

ലഖ്‌നോ: സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ചികില്‍സ നടത്തിയത് മൊബൈല്‍ വെളിച്ചത്തില്‍. ആരോഗ്യരംഗത്തെ അധികൃതരുടെ അനാസ്ഥ മൂലം കുഞ്ഞങ്ങളടക്കം നിരവധി പേര്‍ മരിച്ച ഉത്തര്‍പ്രദേശിലാണ് സംഭവം.

സംഭാല്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ ചികില്‍സ നടത്തുന്ന ഡോക്ടറുടെ ചിത്രങ്ങളാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ഇരുട്ടുമുറിയില്‍ ചികില്‍സ നടത്തുന്ന ഡോക്ടര്‍ക്കു ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളുമാണ് മൊബൈല്‍ വെളിച്ചമടിച്ചു കൊടുക്കുന്നത്.

തുടര്‍ച്ചയായുള്ള പവര്‍കട്ട് മൂലം മേഖലയിലെ ആശുപത്രികളടക്കമുള്ളവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത ആശുപത്രിയില്‍ ഇന്‍വെര്‍ട്ടറുകളോ മറ്റു സമാന്തര മാര്‍ഗങ്ങളോ ഇല്ല. ഇതോടെയാണ് ടോര്‍ച്ചടിച്ചു ചികില്‍സ നടത്തേണ്ട ഗതികേടിലേക്കു ഡോക്ടര്‍മാര്‍ എത്തിയത്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ആശുപത്രിയില്‍ മണിക്കൂറുകളോളമാണ് വൈദ്യുതിയില്ലാതെ കഴിയേണ്ടി വരുന്നതെന്നു ഒരാഴ്ചയായി ചികില്‍സയില്‍ കഴിയുന്ന രോഗികളിലൊരാള്‍ പറഞ്ഞു.

എന്നാല്‍ ആശുപത്രി പ്രവര്‍ത്തനം സുഗമമായി പോവുന്നുവെന്നാണ് സുപ്രണ്ട് ഡോ. എകെ ഗുപ്തയുടെ അഭിപ്രായം. മേഖലയിലെ കനത്ത മഴയാണ് പ്രശ്‌നമായത്. പവര്‍കട്ടിനെ നേരിടാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ കനത്ത മഴമൂലം വൈദ്യുതി തടസ്സം നേരിടുകയായിരുന്നു. ഇതല്‍പം നേരം മാത്രമേ ഉണ്ടായിരുന്നുള്ളു. ഡോക്ടര്‍മാര്‍ ടോര്‍ച്ചടിച്ചു ചികില്‍സ നടത്തിയത് എന്തിനെന്നു വ്യക്തമല്ലെന്നും ഗുപ്ത പറഞ്ഞു.  

Tags:    

Similar News