യുപിയിലെ 'ലൗ ജിഹാദ്' നിയമം: തീവ്ര ഹിന്ദുത്വ അജണ്ടയുടെ വിജയം

വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ ഉള്‍പ്പടേയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ വര്‍ഷങ്ങളായുള്ള വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്ക് ഔദ്യോഗിക പരിവേഷം വന്നിരിക്കുയാണിപ്പോള്‍.

Update: 2021-01-06 13:18 GMT

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഉത്തര്‍പ്രദേശില്‍ 'ലൗ ജിഹാദ്' നിയമം നടപ്പാക്കാനായത് ആഘോഷിക്കുകയാണ് തീവ്ര ഹിന്ദുത്വ സംഘങ്ങള്‍. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ ഉള്‍പ്പടേയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ വര്‍ഷങ്ങളായുള്ള വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്ക് ഔദ്യോഗിക പരിവേഷം വന്നിരിക്കുയാണിപ്പോള്‍.

മുസ് ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ ആസൂത്രിതമായി പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തുകയാണെന്നാണ് വര്‍ഷങ്ങളായുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രചാരണം. മുസ് ലിംകള്‍ വംശവര്‍ദ്ധനക്കാണ് 'ലൗ ജിഹാദ്' നടപ്പാക്കുന്നതെന്ന് ബജ്‌റംഗ്ദള്‍ ഉത്തര്‍പ്രദേശ് സ്റ്റേറ്റ് കണ്‍വീനര്‍ ബല്‍രാജ് ദന്‍ഗര്‍ പറയുന്നു. 'ഒരു ഹിന്ദു യുവതിയെ ഹിന്ദു യുവാവ് വിവാഹം കഴിച്ചാല്‍ അതില്‍ രണ്ട് കുട്ടികളാണ് ജനിക്കുക. എന്നാല്‍, ഒരു ഹിന്ദു യുവതിയെ മുസ് ലിം വിവാഹം കഴിച്ചാല്‍ 10 കുട്ടികള്‍ ജനിക്കുകയും മുസ് ലിംകളുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്യും'. ബജ്‌റംഗ് ദള്‍ നേതാവ് പറഞ്ഞു. മുസ് ലിംകള്‍ക്കെതിരേ ഇതര മതവിഭാഗങ്ങള്‍ക്കിടയില്‍ ഭീതിയും വെറുപ്പും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കാണ് ഹിന്ദുത്വ സംഘടനകള്‍ നേതൃത്വം നല്‍കിയത്. ഇത്തരം കേസുകള്‍ കണ്ടെത്താനും പോലിസിന്റെ സഹായത്തോടെ പ്രണയ വിവാഹങ്ങള്‍ തടയാനും ബജ്‌റംഗ്ദള്‍ വിവിധ സംഘങ്ങള്‍ രൂപീകരിച്ചു. മീററ്റില്‍ മാത്രം 2000 അംഗങ്ങളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്ന് ബല്‍രാജ് ദന്‍ഗര്‍ പറഞ്ഞു. ബജ്‌റംഗദളില്‍ അംഗമാവുന്നവര്‍ക്ക് 'ലൗ ജിഹാദ്' തടയാനും ഇത്തരം കേസുകള്‍ കണ്ടെത്താനും ഏഴ് ദിവസത്തെ പരിശീലനം നല്‍കും. പ്രണയ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ പോലിസിന്റെ സഹായത്തോടെ വിവാഹങ്ങള്‍ തടയാനുള്ള നടപടി സ്വീകരിക്കും. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി പോലിസില്‍ പരാതി നല്‍കാനുള്ള സഹായങ്ങള്‍ ചെയ്ത് കൊടുക്കും. ഓരോ ഗ്രാമങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്‌ക്വാഡുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ബല്‍രാജ് പറയുന്നു.

'വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. 20 വര്‍ഷം മുന്‍പ് ഇത്തരം മതപരിവര്‍ത്തനത്തെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പ്രയാസമായിരുന്നു. എന്നാല്‍, ഇപ്പോള്‍ നിയമം നടപ്പാക്കിയതോടെ ജനങ്ങള്‍ 'ലൗ ജിഹാദി'ന്റെ അപകടത്തെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരായി. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശില്‍ നടപ്പാക്കിയ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ബജ്‌റംഗ്ദള്‍ നേതാവിന്റെ വാക്കുകള്‍.

ഉത്തര്‍പ്രദേശില്‍ 'ലൗ ജിഹാദ്' നിയമം നടപ്പാക്കിയതിന് ശേഷം അമ്പതിലധികം മുസ് ലിം യുവാക്കളാണ് അറസ്റ്റിലായത്. പൗരത്വ നിയമം പോലെ തന്നെ മുസ് ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമവും. ഏറെ വിവാദങ്ങള്‍ക്കിടയിലും ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും 'ലൗ ജിഹാദ്' നിയമം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സംഘപരിവാര്‍.

Tags:    

Similar News