ഉത്തരാഖണ്ഡിലെ തപോവന്‍ ഡാം പൂര്‍ണമായും ഒലിച്ചു പോയെന്ന് പ്രാരംഭ സര്‍വെയില്‍ കണ്ടെത്തി
ധൗലിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥാനത്താണ് ഡാമുള്ളത്. ഇത് പൂര്‍ണമായും നശിച്ചതായി രഹസ്യാന്വേഷണ വിമാനങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ തപോവന്‍ വിഷ്ണുഗഢ് ജലവൈദ്യുത നിലയത്തിന്റെ ഭാഗമായ ഡാം പൂര്‍ണമായും ഒലിച്ചുപോയി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രാരംഭ സര്‍വെയിലാണ് ഇക്കാര്യം കണ്ടെത്തിയത്.ധൗലിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥാനത്താണ് ഡാമുള്ളത്. ഇത് പൂര്‍ണമായും നശിച്ചതായി രഹസ്യാന്വേഷണ വിമാനങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
മലാരി താഴ്‌വരയുടെ പ്രവേശന കവാടത്തിലേയും തപോവന് സമീപത്തേയും രണ്ടു പാലങ്ങള്‍ ഒഴുകിപ്പോയി. ജോഷിമത്തിനും തപോവാനും ഇടയിലുള്ള പ്രധാന റോഡിന് കേടുപാടുകളൊന്നും സഭവിച്ചിട്ടില്ലെങ്കിലും താഴ്‌വരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തൊഴിലാളികളുടെ കുടിലുകളും തകര്‍ന്നിട്ടുണ്ട്.
എന്‍.ടി.പി.സി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള തപോവന്‍ വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതി ഏകദേശം 3,000 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. 2006ല്‍ നിര്‍മാണം തുടങ്ങിയ ഡാം 2020 സെപ്റ്റംബറിലാണ് കമീഷന്‍ ചെയ്തത്. ജലവൈദ്യുത പ്ലാന്റിന്റെ ഒരു ഭാഗം ഹിമപാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി എന്‍ടിപിസി പറഞ്ഞു.
നന്ദദേവി ഹിമാനിയുടെ പ്രവേശന കവാടം മുതല്‍ പിപാല്‍ക്കോട്ടി, ചമോലി, ധൗലിഗംഗ, അളകനന്ദ എന്നിവിടങ്ങളില്‍ ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. സ്ഥിതി തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും നാവികസേനയും വ്യോമസേനയും രംഗത്തുണ്ട്.
ഋഷിഗംഗ നദിക്ക് മുകളിലുള്ള റെയ്‌നി ഗ്രാമത്തിന് സമീപമുണ്ടായ ഹിമവാനിയില്‍ കാണാതായ 170 പേരില്‍ ഭൂരിപക്ഷവും തപോവന്‍ ജലവൈദ്യുത പദ്ധതിയിലെ തൊഴിലാളികളാണ്.