വരവര റാവുവിൻെറ കുടുംബം മനുഷ്യാവകാശ കമീഷനെ സമീപിച്ചു

കേ​സി​ൽ ജാ​മ്യ​ത്തി​ന്​ കൊ​വി​ഡ്​ വ്യാ​പ​ന​ത്തെ വ​ര​വ​ര റാ​വു മ​റ​യാ​ക്കു​ക​യാ​ണെന്നാണ് എൻഐഎ കോടതിയിൽ പറഞ്ഞത്.

Update: 2020-07-24 14:56 GMT

ന്യൂഡൽഹി: ജയിലിൽവെച്ച്​ കൊവിഡ്​ ബാധിച്ച കവി വരവര റാവുവിൻെറ ആരോഗ്യത്തിൽ ആശങ്കയുള്ളതായി ദേശീയ മനുഷ്യാവകാശ കമീഷനോട് കുടുംബം. തലോജ ജയിൽ അധികൃതരോ ചികിൽസിക്കുന്ന നാനാവതി ആശുപത്രിയോ അദ്ദേഹത്തിൻെറ ആരോഗ്യത്തെക്കുറിച്ച് ഒരു വിവരവും നൽകുന്നില്ലെന്ന്​ കമീഷനയച്ച കത്തിൽ കുടുംബം ചൂണ്ടിക്കാട്ടി.

ഭീമ ​കൊ​റേഗാവ്​ സംഘർഷത്തിൻെറ പേരിൽ യുഎപിഎ ചുമത്തി ജയിലിലടച്ച ഇദ്ദേഹത്തിന്​ മഹാരാഷ്​ട്രയിലെ തലോജ ജയിലിൽവെച്ചാണ്​ ​കൊവിഡ്​ ബാധിച്ചത്​. 80 വയസ്സുകഴിഞ്ഞ ഇദ്ദേഹം ആശുപത്രിയിൽ പരിചരണം ലഭിക്കാതെ ശോചനീയാവസ്​ഥയിൽ കഴിയുന്നതായി റിപോർട്ടുകൾ പുറത്തുവന്നിരുന്നു.​ റാവുവിൻെറ ജീവൻ സംരക്ഷിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന്​ ഭാര്യ ഹേമലത, മക്കളായ സഹജ, അനല, പവന എന്നിവർ കമീഷൻ അസി. രജിസ്ട്രാർ ദേബേന്ദ്ര കുന്ദ്രക്ക്​ എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്​ ഉടൻ തന്നെ ആശുപത്രി, ജയിൽ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ഇവർ അഭ്യർഥിച്ചു.

അദ്ദേഹത്തിൻെറ അവസ്ഥയെക്കുറിച്ചോ നാനാവതി ആശുപത്രിയിലെ ചികിൽസയെക്കുറിച്ചോ ഒരു വിവരവും ഞങ്ങൾക്ക് കൈമാറുന്നില്ല. തലോജ ജയിലിൽനിന്ന് സെൻറ്​ ജോർജ്ജ് ആശുപത്രിയിലും പിന്നീട് നാനാവതി ആശുപത്രിയിലും മാറ്റിയ ശേഷം എന്ത്​ ചികിൽസയാണ്​ നൽകുന്നതെന്ന്​ ഞങ്ങൾക്കറിയില്ല. കൊവിഡ് പോസിറ്റീവ് ആണെന്ന്​ മാത്രമാണ്​ ഔദ്യോഗികമായി അറിയിച്ചതെന്നും കത്തിൽ പറയുന്നു.

വരവര റാവുവിൻെറ ആരോഗ്യസ്​ഥിതിയെ കുറിച്ച്​ ദിവസവും കുടുംബത്തിന് അറിയിപ്പ്​ നൽകാനും മെഡിക്കൽ രേഖകൾ ലഭ്യമാക്കാനും ആശുപത്രി അധികൃതരോട്​ നിർദേശിക്കണം. സ്വന്തംനിലക്ക്​ പ്രാഥമിക കൃത്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അദ്ദേഹത്തെ സഹായിക്കാൻ കുടുംബാംഗത്തിന്​ അനുമതി നൽകണമെന്നും അവർ കമ്മീഷനോട് ആവശ്യപ്പെട്ടു.

2018ൽ ദലിത്​ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഭീമാ കോറേഗാവ് വിജയത്തിൻെറ 200ാം വാർഷികാഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സംഘ്​പരിവാർ ബന്ധമുള്ള സംഘടനകൾ ആഘോഷത്തിന് നേരെ അക്രമം അഴിച്ചുവിട്ടു. തുടർന്ന്​ നടന്ന ദലിത് ചെറുത്തുനിൽപ്പിൽ പങ്കുണ്ടെന്നാരോപിച്ചാണ്​ വരവര റാവുവിനെ മഹാരാഷ്​ട്ര പോലിസ്​ അറസ്​റ്റ്​ ചെയ്​തത്​.

ഹൈദരാബാദിലെ സ്വന്തം വസതിയിൽ നിന്നാണ് പോലിസ് ഇദ്ദേഹത്തെ പിടികൂടിയത്​. ഭീമ കൊറേഗാവ്​ വാർഷികത്തോടനുബന്ധിച്ച്​ 2017 ഡിസംബർ 31ന് നടന്ന പരിപാടിയിൽ റാവു നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാരോപിച്ചാണ്​ കേസെടുത്തത്​. ഈ കേസിൽ ആനന്ദ് തെൽതുംബ്​ദേ, വെർണൻ ഗോൺസാൽവസ്, സുരേന്ദ്ര ഗഡ്​ലിങ്​, ഗൗതം നവ്​ലഖ, സുധ ബരദ്വാജ്, ഷോമാ സെൻ, റോണാ വിൽസൺ, മഹേഷ് റവാത്ത്, സുധീർ ധാവ് ലെ, അരുൺ ഫെരാരിയ എന്നീ സാമൂഹ്യ, മനുുഷ്യാവകാശ പ്രവർത്തകരും യുഎപിഎ ചുമത്തപ്പെട്ട്​ ജയിലിൽ കഴിയുകയാണ്​.

എൻഐഎ ആണ്​ ഇപ്പോൾ കേസ​ന്വേഷിക്കുന്നത്​. കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യ​വെ കൊ​വി​ഡ്​ ബാ​ധി​ച്ച വ​ര​വ​ര റാ​വു​വി​ന്​ ജാ​മ്യം ന​ൽ​ക​രു​തെ​ന്ന്​ ആവ​ശ്യ​പ്പെ​ട്ട്​ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കഴിഞ്ഞദിവസം ബോം​ബെ ഹൈ​കോ​ട​തിയെ സമീപിച്ചിരുന്നു. കേ​സി​ൽ ജാ​മ്യ​ത്തി​ന്​ കൊ​വി​ഡ്​ വ്യാ​പ​ന​ത്തെ വ​ര​വ​ര റാ​വു മ​റ​യാ​ക്കു​ക​യാ​ണെന്നാണ് എൻഐഎ കോടതിയിൽ പറഞ്ഞത്. നാ​ഡീ​രോ​ഗ​ത്തി​ന്​ ചി​കി​ൽസയി​ൽ ക​ഴി​യു​ന്ന കൊ​വി​ഡ്​ ബാ​ധി​ത​നാ​യ റാ​വു​വി​നെ ദൂ​രെ നി​ന്ന്​ പ​രി​ച​രി​ക്കാ​ൻ അ​നു​മ​തി തേ​ടി​യു​ള്ള ബ​ന്ധു​ക്ക​ളു​ടെ ഹ​ര​ജി​യും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കുന്നുണ്ട്.

Tags:    

Similar News