'വാരിയംകുന്നന്റെ സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തെ ഹിന്ദുക്കള്‍ മലപ്പുറത്തേക്ക് എത്തും; വെല്ലുവിളിയുമായി കെ പി ശശികല

Update: 2022-08-31 12:53 GMT

മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന വെല്ലുവിളിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. 1921ലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്‍മാറമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ വിദ്വേഷ വാക്കുകള്‍. മലപ്പുറത്തെ ചെറിയ ശതമാനം ഹിന്ദുക്കളെ ഭയപ്പെടുത്താനാണോ നിങ്ങളുടെ ശ്രമം.

തീരുമാനവുമായി മുന്നോട്ടുപോയാല്‍ കല്ലിന്‍മോല്‍ കല്ലില്ലാതാക്കാന്‍ ലോകത്തെ ഹൈന്ദവ വിശ്വാസികള്‍ മലപ്പുറത്തേയ്ക്ക് എത്തും. ഇത് മലപ്പുറത്തെ മാത്രം ഹിന്ദുവിന്റെ വിഷയമല്ല. ലോകത്തെ ഹൈന്ദവ വിശ്വാസികളുടെ മുഴുവന്‍ പ്രശ്‌നമാണ്. ഇതിനു മറുപടി പറയേണ്ടത് പോപുലര്‍ ഫ്രണ്ടുകാരനോ സുഡാപ്പിക്കാരനോ ഐഎസുകാരനോ അല്ല. സമാധാനത്തിന്റെ അപ്പോസ്തലനും വെള്ളരിപ്രാവുമായ പാണക്കാട് തങ്ങള്‍ അടക്കമുള്ള മതനേതൃത്വമാണെന്നും ശശികല വെല്ലുവിളിച്ചു. മലപ്പുറം ജില്ലയില്‍ 26 ശതമാനം മാത്രം വരുന്ന ഹിന്ദുക്കള്‍ ശത്രുക്കളാണോ എന്ന് ശശികല ചോദിച്ചു.

ഈ 26 ശതമാനം ഹിന്ദുക്കളെ ഭയപ്പെടുത്തി വേണോ നിങ്ങള്‍ക്ക് മുന്നോട്ടുപോവാന്‍? ഹിന്ദുവിന്റെ തലവെട്ടിയരിഞ്ഞ, അവന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ച, അവന്റെ അമ്മ, പെങ്ങന്‍മാരുടെ മാനം പിച്ചിച്ചീന്തിയ ഒരു സാമദ്രോഹിയുടെ സ്മാരകം ഈ 26 ശതമാനം വരുന്ന ഹിന്ദുക്കളുടെ മുന്നിലൂടെ പണിതുയര്‍ത്തുന്നതോടെ എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. തങ്ങളുടെ കീഴില്‍ അടിമകളാണോ എന്ന സന്ദേശമാണോ പകര്‍ന്നുകൊടുക്കുന്നത്. എന്തിന വേണ്ടിയും അഭിപ്രായം പറയാത്ത മതനേതൃത്വം മിണ്ടാത്തത് എന്തേ ?

ഇവിടുത്തെ ഹൈന്ദവസമൂഹത്തെ വേദനിപ്പിക്കണമെന്ന് പാണക്കാട് തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് മതേതരത്വത്തിന്റെ അപ്പോസ്തലനായും സമാധാനത്തിന്റെ മാലാഖയായും മലപ്പുറത്ത് മാത്രമല്ല, ഇന്ത്യ മുഴുവന്‍ പാടിപ്പുകഴ്ത്തപ്പെടുന്ന പാണക്കാട് തങ്ങള്‍ മൗനം വെടിഞ്ഞ് മറുപടി പറയണമെന്നും ശശികല ആവശ്യപ്പെട്ടു. ഇവിടുത്തെ ഹിന്ദുക്കളെ ഇനിയും കുത്തിനോവിക്കണോ, അതിന്റെ അനന്തര ഫലമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.

ആ സ്മാരകം ഈ മണ്ണില്‍ നിലയുറപ്പിച്ച് നിര്‍ത്താന്‍ നിങ്ങളുയര്‍ത്തുന്നു ശബ്ദം മതിയാവില്ല. ഇത് മലപ്പുറത്തെ ഹിന്ദുവിന്റെ വിഷയമല്ല, കേരളത്തിലെയോ ഭാരതത്തിലെയോ അല്ല, ലോകം മുഴുഴന്‍ നിറഞ്ഞുനില്‍ക്കുന്ന ഹൈന്ദവ വിശ്വാസികളുടെയും, ജനാധിപത്യ വിശ്വാസികളുടെയും വിഷയമാണ്. എല്ലാം മറന്ന് ജീവിക്കുന്ന ഒരു ജനതയെ വെല്ലുവിളിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് ഇവിടെ സ്മാരകം ഉയര്‍ത്തിയാല്‍ അത് പിഴുതെറിയാന്‍ ലോകത്തെ മുഴുവന്‍ ഹൈന്ദവ ശക്തിയും മലപ്പുറം മണ്ണിലേക്ക് എത്തുമെന്ന് ഭീഷണി മുഴക്കിയാണ് ശശികല പ്രസംഗം അവസാനിപ്പിച്ചത്.

Tags:    

Similar News